തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിപിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുമായി സംസ്ഥാന പൊലീസ് മേധാവി നടത്തിയ ചർച്ച പൂർത്തിയായി. ഉദ്യോഗാർത്ഥികൾ ഉന്നയിച്ച വിഷയം സർക്കാരുമായി ചർച്ച ചെയ്യാമെന്ന് ഡിജിപിയുടെ ഉറപ്പ് നല്‍കി. ചര്‍ച്ചക്ക് ശേഷം ഉദ്യോഗാർഥികൾ ഇന്നത്തെ സമരം അവസാനിപ്പിച്ചു. അറസ്റ്റിലായ നാല് ഉദ്യോഗാർഥികളെയും വിട്ടയച്ചു.
അതേസമയം; സമരത്തിൻ്റെ ഇരുപതാം ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് മുന്നിലെ റോഡ് തടഞ്ഞ് ഉദ്യോഗാർത്ഥികളും കുടുംബവും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധം രാത്രിവരെയും തുടർന്നു. തീരുമാനമാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇതിനെ തുടർന്നാണ് ഡിജിപി ഉദ്യോഗാർത്ഥികളെ ചർച്ചക്ക് വിളിച്ചത്.
ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളുമടങ്ങിയ മൂവായിരത്തോളം പേരാണ് സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധത്തിൽ പങ്കെടുത്തത്. കനത്ത ചൂടിൽ അമ്മമാർ റോഡിൽ കിടന്നു പ്രതിഷേധിച്ചു. സമരത്തിനിടയിൽ ശരീരത്ത് ഉദ്യോഗാർത്ഥികളിൽ ഒരാൾ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത് ആശങ്കകൾക്കിടയാക്കി. പ്രതിഷേധക്കാരുടെ അമ്മമാരിൽ ഒരാൾ പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണു. പൊലീസുകാരും ഉദ്യോഗാർത്ഥികളും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രിൽ 13ന് അവസാനിക്കും. എന്നാൽ ഇതുവരെ ലിസ്റ്റിലേത് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നൽകിയിട്ടുള്ളു. കാലാവധി കഴിഞ്ഞാൽ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളിൽ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
















