തിരുവനന്തപുരം . സിപിഒ റാങ്ക് ഹോൾഡേഴ്സിൻ്റെ സമരത്തിൻ്റെ ഇരുപതാം ദിവസം കണ്ണീർ കടലായി തലസ്ഥാനം. സെക്രട്ടറിയേറ്റ് മുന്നിലെ റോഡ് തടഞ്ഞ് ഉദ്യോഗാർത്ഥികളും കുടുംബവും പ്രതിഷേധം ശക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധം ഇപ്പോഴും തുടരുകയാണ്. തീരുമാനമാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

അതേസമയം, ഉദ്യോഗാർത്ഥികളെ ഡിജിപി ചർച്ചയ്ക്ക് വിളിച്ചു. പ്രതിഷേധത്തിനിടയിൽ അറസ്റ്റിലായ ഉദ്യോഗാർത്ഥികളെ പൊലീസ് വിട്ടയച്ചിട്ടുണ്ട്.
നൂറുകണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധിക്കുന്നത്. കനത്ത ചൂടിൽ അമ്മമാർ റോഡിൽ കിടന്നു പ്രതിഷേധിച്ചു. സമരത്തിനിടയിൽ ശരീരത്ത് ഉദ്യോഗാർത്ഥികളിൽ ഒരാൾ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത് ആശങ്കകൾക്കിടയാക്കി.

പ്രതിഷേധക്കാരുടെ അമ്മമാരിൽ ഒരാൾ പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണു. പൊലീസുകാരും ഉദ്യോഗാർത്ഥികളും ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. റാങ്ക് ലിസ്റ്റിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകാതെ സമരം അവസാനിപ്പിക്കാൻ ഇല്ല എന്നാണ് പ്രതിഷേധക്കാരുടെ കുടുംബത്തിൻ്റെയും നിലപാട്.

ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രിൽ 13ന് അവസാനിക്കും. എന്നാൽ ഇതുവരെ ലിസ്റ്റിലേത് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നൽകിയിട്ടുള്ളു. കാലാവധി കഴിഞ്ഞാൽ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളിൽ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം
















