തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ബിജെപിയോടൊപ്പമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് ബി.ജെ.പി അനുകൂല സാഹചര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അഴിമതിയും അക്രമവും മുഖമുദ്രയാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. രാജ്യവ്യാപകമായി കോൺഗ്രസ് തകർന്നിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും'”- മുരളീധരൻ പറഞ്ഞു.
ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ തീരുമാനത്തിൽ പശ്ചാത്തപിക്കുന്നവരാണ് ആറ്റിങ്ങലെ ജനങ്ങളെന്നും മുരളീധരൻ പറഞ്ഞു.
ആറ്റിങ്ങലിൽ മല്‍സരിക്കാനുള്ള പാര്‍ട്ടി നിയോഗം ഏറ്റെടുക്കുന്നതായും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങളുടെ അഴിമതിക്കും അക്രമരാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പ്.നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം നേടിയ സമാനതകളില്ലാത്ത വികസനക്കുതിപ്പിന് ആറ്റിങ്ങലിലെ ജനം അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരൻ തൻ്റെ കുറിപ്പിൽ പറഞ്ഞു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇന്നുണ്ടായത്. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ആർ.ചന്ദ്രശേഖരനും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കും. പത്തനംതിട്ടയിൽ അനിൽ ആന്റണിയും കോഴിക്കോട് എം.ടി രമേശും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVMBJP%2Fposts%2Fpfbid02PSt3TZqQtXnMfxoDaBDQqecL8mdVnqMcWxafEuTu6uDtqCMG5xxz4PinTtAZQYkPl&show_text=true&width=500
















