തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി ആരോപണം വർക്കല ഇലകമൺ സ്വദേശി വിനു (23)വിന്റെ മരണത്തിലാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
കേക്ക് കഴിച്ചതിനു പിന്നാലെ വയറുവേദന ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച വിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ഫെബ്രുവരി 29 നാണ് വർക്കലയിലെ കടയിൽ നിന്നും വിനുവും കുടുംബവും കേക്ക് വാങ്ങി കഴിച്ചത്. ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് അറിയിച്ചു.
















