ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്ക് മൂന്നുദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. ഇങ്ങനെയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രമായിരിക്കും മലം പോകുന്നത്. കൂടാതെ മലബന്ധമുള്ളവർക്ക് മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായി തോന്നാനും മലം പൂർണമായും പുറത്തുപോയില്ലെന്ന് തോന്നാനുമിടയുണ്ട്.
മലം പുറത്തേക്കുതള്ളുന്നത് കുടലിന്റെ പെരിസ്റ്റാൽസിസ് ചലനങ്ങളാണ്. ഇത് മന്ദഗതിയിലാകുമ്പോൾ മലബന്ധമുണ്ടാകും. പ്രമേഹം, ഹൈപ്പോതൈറോയ്ഡിസം, നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ, നാഡീതകരാറുകൾ തുടങ്ങിയവയൊക്കെ കുടലിന്റെ ചലനങ്ങളെ തകരാറിലാക്കാം. ഇറിറ്റബിൾ ബവൽ സിൻഡ്രോമാണ്(ഐ.ബി.എസ്.) ചെറുപ്പക്കാരിലെ മലബന്ധത്തിനുള്ള മറ്റൊരു കാരണം. ഇവരിൽ മലബന്ധവും വയറിളക്കവും മാറിമാറി ഉണ്ടായെന്നുവരാം. വയറുവേദനയ്ക്ക് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്ന തോന്നലും ഇവരിലുണ്ടാകാം.
ഗർഭിണികളിലും പ്രായമേറിയവരിലും മലബന്ധം കൂടുതലായി കണ്ടുവരാറുണ്ട്. അർശസ്സ്, ഫിഷർ തുടങ്ങിയ മലദ്വാര പ്രശ്നങ്ങളും മലബന്ധം ഉണ്ടാക്കാം. വേദനാസംഹാരികൾ, രക്താതിമർദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ, മാനസികരോഗത്തിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ പാർശ്വഫലമായും മലബന്ധം ഉണ്ടാകാം.
തുടർച്ചയായ മലബന്ധം മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മുറുകിയ മലം പോകാനായി ശക്തമായി മുക്കുന്നത് ഹെർണിയയ്ക്ക് കാരണമാകാം. ഹെർണിയ ശസ്ത്രക്രിയയിലൂടെ ശരിയാക്കിയാലും മലബന്ധമുണ്ടാകുമ്പോൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വീർത്തുവരുന്ന അർശസ്സിനും മലാശയംതന്നെ പുറത്തേക്ക് തള്ളിവരുന്നതിനും മലദ്വാരത്തിൽ വിള്ളലുണ്ടാകുവാനുമൊക്കെ (ഫിഷർ) ദീർഘകാല മലബന്ധം കാരണമാകാം.
- Read More……
- അത്താഴത്തിനു ഈ ഭക്ഷണങ്ങളാണോ കഴിച്ചത്? എങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ല
- വൈറ്റമിൻ ഡി ഗുളികകൾ അമിതമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു.കെയിലെ ആരോഗ്യ വിദഗ്ധർ
- നിങ്ങൾക്ക് അസിഡിറ്റിയുണ്ടോ? ഈ കാര്യങ്ങൾ അസിഡിറ്റിയെ ചെറുത്തു നിർത്തും ഇവ ശീലമാക്കി നോക്കു
- കുടവയറൊരു പ്രശ്നമല്ലേ? ഈയൊരു ഒറ്റ കാര്യം ചെയ്താൽ മാത്രം മതി കുടവയർ ബലൂൺ പോലെ ചുരുങ്ങി ഒതുങ്ങും
മലബന്ധം ഒഴിവാക്കാനായി ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാരുകളുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. മലം കൂടുതലായി ഉണ്ടാകുവാനും മലശോധന സുഗമമാക്കുവാനും നാരുകൾ സഹായിക്കും. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വയ്ക്കരുത്. കൃത്യസമയംതന്നെ മലശോധനയ്ക്കായി മാറ്റിവയ്ക്കാൻ ശീലിക്കണം. ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.
നാരുകളില്ലാത്ത ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ് വിഭവങ്ങൾ ഒഴിവാക്കണം. ചുവന്ന മാംസവും കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണ വിഭവങ്ങളും വറപൊരി സാധനങ്ങളും ഒഴിവാക്കണം. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾകൊണ്ടും മലബന്ധം മാറിയില്ലെങ്കിൽ മാത്രമേ മരുന്നുകളെ ആശ്രയിക്കാവൂ. കാരണം ഇവയിൽ പലതും മരുന്നിനോടുള്ള വിധേയത്വമുണ്ടാക്കാനിടയുണ്ട്. രക്തപരിശോധന നടത്തി തൈറോയ്ഡിന്റെ പ്രവർത്തനവും വിലയിരുത്തണം.