ഭക്ഷണം കഴിച്ചുടനെ കട്ടിലിൽ നിവർന്നു കിടന്ന് റസ്റ്റ് എടുക്കുന്നതും, ഉറങ്ങുന്നതും നമ്മുടെ ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കും
ഭക്ഷണത്തിന് ശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു. അതേസമയം, ഭക്ഷണം കഴിച്ചിട്ട് കിലോമീറ്ററുകളോളം നടക്കണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ മാത്രം നടന്നാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുന്നതിലെ ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാര കുറക്കാൻ സഹായിക്കുന്നു
ഭക്ഷണം കഴിച്ച ശേഷം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. കുറച്ച് സമയം നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് ടൈപ്പ് 2 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യം വർധിപ്പിക്കാൻ നടത്തം നല്ലൊരു വ്യായാമമാണ്. സ്ഥിരമായി നടക്കുന്നത് രക്തചംക്രമണം സുഗമാക്കുകയും ധമനികളുടെ കാഠിന്യം കുറക്കുകയും ഇതുവഴി രക്തസമ്മർദം കുറക്കാൻ സഹായിക്കുകയും ചെയ്യും. എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും നടത്തം സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. അത്താഴത്തിന് ശേഷം നടക്കുന്നതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള മാർഗമാണ്.