തിരുവനന്തപുരം: പൂന്തുറയിൽ നടപ്പാക്കിയ ഓഫ് ഷോർ ബ്രേക്ക് വാട്ടർ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള ഭാഗം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. പദ്ധതി വിലയിരുത്തുന്നതിനായുള്ള അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടലാക്രമണത്തെ പരമ്പരാഗതമായ കടല്‍ഭിത്തി നിര്‍മ്മാണ പ്രകാരം പൂര്‍ണ്ണമായും ചെറുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ പാറക്കല്ലിന്റെ ലഭ്യതക്കുറവുമുണ്ട്. കടല്‍ ഭിത്തിയുടെ പുനര്‍ നിര്‍മ്മാണത്തിന് ഓരോ വര്‍ഷവും ഭീമമായി തുക സര്‍ക്കാരിന് ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. ഇത് കണക്കിലെടുത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടലാക്രമണം നേരിടുന്ന പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള പ്രദേശത്ത് ഒരു പൈലറ്റ് പ്രോജക്ട് എന്ന രീതിയില്‍ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ 150 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. ആദ്യ ഘട്ടമെന്ന നിലയിൽ പൂന്തുറയില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഏകദേശം ഒരു കിലോമീറ്റര്‍ നീളത്തില്‍ തീരം സംരക്ഷിക്കുന്നതിന് 750 മീറ്റർ നീളത്തിൽ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന് 20.78 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.
പാറ ഉപയോഗിച്ച് നടത്തുന്ന തീര സംരക്ഷണ രീതിക്ക് പകരം 12 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ വ്യാസമുളള ഭീമാകാരമായ ജിയോട്യൂബില്‍ (250 ടണ്‍) മണല്‍ നിറച്ച് കടലിൽ 8 മീറ്റര്‍ വരെ ആഴമുളള പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന രീതിയാണ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയിൽ അവലംബിച്ചിരിക്കുന്നത്. 100 മീറ്റര്‍ വരുന്ന ഘട്ടം 2022 ഏപ്രില്‍ മാസം കൊണ്ട് പൂര്‍ത്തീകരിച്ചിരുന്നു. അടുത്ത 100 മീറ്ററോളം പൂര്‍ത്തീകരിച്ചു വരികയാണ്. മുംബൈ കേന്ദ്രമായ DVP ജിസിസി കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. പ്രദേശത്ത് ഈയിടെ നടത്തിയ ആഴക്കടല്‍ പഠനത്തില്‍ വലിയ തോതില്‍ സ്ഥായിയായ കര രൂപപ്പെട്ടതായും നിക്ഷേപിച്ചിരുന്ന ജിയോട്യൂബ് കേന്ദ്രീകരിച്ച് വിവിധയിനം മത്സ്യം ഉൾപ്പടെയുളള കടൽ ജീവികളുടെയും പ്രജനനം ഉണ്ടായതായും കാണപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ അഡ്വ. ആന്റണി രാജു എം.എല്‍.എ, തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷെയ്ക് പരീത് ഐ. എ. എസ്, കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ഡീപ് ഓഷ്യന്‍ മിഷന് ഡയറക്ടര്‍ എം. വി. രമണമൂര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഷ്യന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ. വിജയ രവിചന്ദ്രന്‍, കിരണ്‍ എ.എസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ