ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ നിലവറയുടെ മട്ടുപ്പാവിലേക്കുള്ള പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി. നിലവറകളുടെ പഴക്കം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവറകൾക്ക് 500 വർഷം പഴക്കമുണ്ട്. ഇവ ജീർണിച്ച അവസ്ഥയിലാണ്. നിലവറകൾക്ക് മുകളിൽ ആളുകൾ നമസ്കാരം നടത്തിയാൽ അപകടമുണ്ടാകുമെന്നും ഹരജിയിൽ പറയുന്നു.
വാരാണസി സ്വദേശി രാം പ്രസാദാണ് ജില്ല കോടതിയിൽ ഹരജി നൽകിയത്. ഹിന്ദു വിഭാഗത്തിന് പൂജ ചെയ്യാൻ കോടതി അനുവാദം നൽകിയ ‘വ്യാസ് കാ തഹ്ഖാന’ എന്ന നിലവറയില് പ്രവേശനം വിലക്കണമെന്നാണ് ആവശ്യം.
മസ്ജിദിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് രണ്ട് ദിവസം മുമ്പ് അലഹബാദ് ഹൈകോടതി പറഞ്ഞിരുന്നു. നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെയുള്ള ഹരജി ഹൈകോടതി തള്ളുകയായിരുന്നു.
ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.
ഗ്യാൻവാപിയിലെ നിലവറയിൽ ശൃംഗാർ ഗൗരിയെയും മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകളെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര കുമാർ പതക് വ്യാസ് നൽകിയ ഹർജിയായിരുന്നു ജില്ലാ കോടതി ജഡ്ജി അനുവദിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെ വാരാണസി ജില്ലാ മജിസ്ട്രേറ്റ് എംഎസ് രാജലിംഗവും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും മസ്ജിദ് സമുച്ചയത്തിൽ പ്രവേശിച്ച് രണ്ട് മണിക്കൂറോളം ചെലവഴിച്ചിരുന്നു. അന്നുതന്നെ പൂജയും ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 17ന് ജില്ലാ മജിസ്ട്രേറ്റിനെ ഗ്യാൻവാപി പള്ളിയിൽ റിസീവറായി നിയമിച്ചതിന് പിന്നാലെ പള്ളി സമുച്ചയത്തിന്റെ തെക്കൻ നിലവറ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ