താരൻ കാരണം മുടി കൊഴിച്ചിലും ചൊറിച്ചിലുമുണ്ടോ? ഏത് താരനെയും ദിവസങ്ങൾക്കുള്ളിൽ അകറ്റാൻ സഹായിക്കും അമ്മമാരുടെ ഈ ട്രിക്കുകൾ

താരന്റെ ശല്യം നേരിടാത്തവർ വളരെ കുറവാണ് . മുടി കൊഴിച്ചിൽ മുതൽ മുഖക്കുരു വരെ, താരൻ സമ്മാനിക്കുന്ന പ്രതിസന്ധികൾ ഏറെയാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. 

പണ്ട് അമ്മമാർ ഉപയോഗിച്ചിരുന്ന ചില ട്രിക്കുകൾ നമുക്കും പരീക്ഷിച്ചാലോ? 

ചെറുനാരങ്ങ

ചർമത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ് ചെറുനാരങ്ങ. താരൻ അകറ്റാനും നാരങ്ങ മികച്ച പോംവഴിയാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇതിന്റെ നീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

തൈരും മുട്ടയും

തൈരും മുട്ടയും താരനെ അകറ്റാൻ മികച്ച ഉപാധിയാണ്. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർത്താൽ താരനെ പമ്പ കടത്താം.

ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നിങ്ങളുടെ തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടി ടവൽ കൊണ്ട് മൂടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക. 

കറ്റാർവാഴ 

മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ് കറ്റാർവാഴ ജെൽ. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. 

വെളിച്ചെണ്ണ

വെളിച്ചെണ്ണ തേച്ചാൽ താരൻ അകറ്റാൻ സാധിക്കുമോ? സാധിക്കും എന്നാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കണം എന്ന് മാത്രം. ആദ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ശേഷം മുടി നനവോടെ വിടർത്തുക.

ഇതിനായി വീതിയുള്ള പല്ലുള്ള ചീർപ്പ് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ശേഷം  ടവൽ ഉപയോഗിച്ച് മുടി പൊതിയുക. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് വീണ്ടും മുടി കഴുകി ഉണക്കി എടുക്കുക. ഇത് ആഴ്ചയിൽ രണ്ട് തവണയെകിലും ചെയ്യാൻ ശ്രമിക്കുക.