ചെന്നൈ: യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ, തമിഴ്‌നാട് വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുറമുഖം, ഗതാഗതം, റെയിൽവേ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
‘‘യുപിഎ ഭരണത്തിൽ തമിഴ്‌നാടിന് അർഹമായ പരിഗണനകള്‍ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ തമിഴ്‌നാട് പുരോഗതിയുടെ പാതയിലാണ്. തനിക്ക് രാജ്യത്തിനുവേണ്ടി മൂന്നാം തവണയും സേവനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ പുതിയ ശക്തിയോടെ തമിഴ്‌നാടിനുവേണ്ടി പ്രവർത്തിക്കും.
Read More……
തമിഴ്‌നാടിനെ മാറ്റിമറിക്കും. രാജ്യം വികസിത ഭാരതത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ തമിഴ്‌നാടിനും വലിയ പങ്കുണ്ട്’’–പ്രധാനമന്ത്രി പറഞ്ഞു.
പുതിയ ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തൂത്തുക്കുടിയിലെ കുലശേഖര പട്ടണത്താണ് രാജ്യത്തെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രം തയാറാക്കുക. ഇതിനായി 2,350 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ബോട്ടിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു.
തിരുനൽവേലിയിലെ ബിജെപി പരിപാടിയിൽ പങ്കെടുത്തതിനുശേഷം മഹാരാഷ്ട്രയിലേക്ക് പോകും. ഇവിടെ 4,900 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.