തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൻ്റെ ചെലവുകൾക്കായി ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതിൻ്റെ പകുതി അനുവദിച്ച്. സംസ്ഥാനത്ത് വിവിഐപി സന്ദർശനത്തിൻ്റെ ചെലവുകൾ വഹിക്കേണ്ടത് സംസ്ഥാന ടൂറിസം വകുപ്പാണ്.
മോദിയുടെ സന്ദർശനത്തിനായി പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായ ടൂറിസം വകുപ്പ് 60 ലക്ഷം രൂപയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം നേർപകുതി തുക അനുവദിക്കാമെന്ന നിലപാട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ എടുക്കുകയായിരുന്നു.
നരേന്ദ്ര മോദി ചൊവ്വാഴ്ച കേരളം സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൻ്റെ ചെലവുകൾക്കാണ് ടൂറിസം ഡയറക്ടർ ഫെബ്രുവരി 22 ന് ചെലവുകൾക്കായി 60 ലക്ഷം ആവശ്യപ്പെട്ട് മന്ത്രി റിയാസിന് കത്ത് നൽകിയത്. 60 ലക്ഷം അടിയന്തിരമായി അനുവദിക്കണമെന്ന റിയാസിൻ്റെ ശുപാർശയോടെ ഫയൽ ധനമന്ത്രിയുടെ മുന്നിലെത്തി.
എന്നാൽ പ്രതിസന്ധി രൂക്ഷമായത് കാരണം 30 ലക്ഷം അനുവദിക്കാമെന്ന് മന്ത്രി ബാലഗോപാൽ നേരിട്ട് ടൂറിസം മന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു.തുടർന്ന് ഫ്രെബ്രുവരി 26 ന് 30 ലക്ഷം അധിക ഫണ്ടായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് അനുവദിച്ചു. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ തുക ടൂറിസം ഡയറക്ടർക്ക് കൈമാറുകയും ചെയ്തം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ട് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നടത്തുന്നത്. വിക്രം സാരാഭായ് സ്പേസ് സെൻ്ററിലെ (വിഎസ്എസ്സി) ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത മോദി ഇന്നലെ രാജ്യത്തിൻ്റെ അഭിമാന പദ്ധതിയായ ഗഗൻയാൻ യാത്രികരെ അവതരിപ്പിച്ചിരുന്നു. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിലും മോദി പങ്കെടുത്തിരുന്നു.