ന്യൂഡൽഹി: മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് രാജസ്ഥാനിൽ മൂന്ന് മുസ്ലിം അധ്യാപകരെ സസ്പെൻഡ് ചെയ്തു. കോട്ട ജില്ലയിലെ ഖജൂരി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് മുസ്ലിം അധ്യാപകരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെന്‍ഷനെതിരെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ (എസ്.ഡി.എം) ഓഫിസിന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു.
മുസ്ലിം അധ്യാപകർ വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് കാണിച്ച് വലതുപക്ഷ സംഘടനയായ സർവ ഹിന്ദു സമാജ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് മെമ്മോറാണ്ടം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കൃത്യമായ അന്വേഷണം പോലും നടത്താതെ അധ്യാപകരെ സസ്പെൻഡ് ചെയ്തത്.
ഹിന്ദു വിദ്യാർഥികളിൽ ഒരാൾ തന്റെ സർട്ടിഫിക്കറ്റിൽ മുസ്ലിം പേര് ഉപയോഗിച്ചിരുന്നു. ഈ കുട്ടി 2020ൽ സ്കൂൾ വിട്ടുപോവുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് മതപരിവർത്തനം ആരോപിച്ച് അധ്യാപകരെ സസ്പെൻഡ് ചെയ്തത്. എന്നാൽ പത്താം ക്ലാസിലെ അപേക്ഷാ ഫോമിൽ മുസ്ലിം എന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വയമാണെന്ന് വിദ്യാർഥിനി പറഞ്ഞു. ഈ സംഭവമാണ് മുസ്ലിം അധ്യാപകർക്ക് മുകളിൽ ഹിന്ദുത്വ സംഘടനകൾ ആരോപിച്ചത്. അതിന് പിന്നാലെ അധ്യാപകർക്ക് വാട്സ്ആപ്പ് വഴിയാണ് സസ്പെൻഷൻ അറിയിപ്പ് നൽകിയത്. എട്ട് വർഷമായി സ്കൂളിൽ പഠിപ്പിക്കുന്ന, തങ്ങളെ സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് വസ്തുതാ പരിശോധന നടത്തിയില്ലെന്നും അധ്യാപകർ പറഞ്ഞു.
സ്കൂളിലെ 15 അധ്യാപകരിൽ ഇതരമതസ്ഥരായ 12 പേരും അധ്യാപകർക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. ഒരിക്കലും മതപരിവർത്തനമോ ലൗ ജിഹാദോ സ്കൂളിൽ നടന്നിട്ടില്ല. സർട്ടിഫിക്കറ്റിൽ പേര് മാറ്റി എന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയെ തനിക്ക് അറിയില്ലെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകൻ പറഞ്ഞു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന് സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല