58-ആം വയസ്സിൽ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി കൊല്ലപ്പെട്ട സിദ്ധു മൂസാവാലയുടെ അമ്മ| Sidhu Moose Wala

കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർ സിങ്, ചരൺ കൗർ എന്നിവർ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു.

ചരൺ വീണ്ടും ഗർഭിണിയാണെന്ന വിവരം സിദ്ധുവിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്. 58കാരിയായ ചരൺ, ഐവിഎഫ് വഴിയാണ് ഗർഭിണിയായതെന്നും കുഞ്ഞിനെ വരവേൽക്കാൻ സിദ്ധുവിന്റെ കുടുംബം കാത്തിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ എട്ടാം മാസത്തിലാണ് ചരൺ എന്നാണു പുറത്തുവരുന്ന വിവരം. 

ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയ ഇരുവരുടെയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ബന്ധുക്കൾ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു.

ചരൺ വീണ്ടും ഗർഭിണിയായതോടെ അതിയായ സന്തോഷത്തിലാണ് കുടുംബം. 

Read More…….

2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.