തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരം സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചത്.
എം. മുകേഷ് (കൊല്ലം),തോമസ് ഐസക്ക് (പത്തനംതിട്ട), കെ. രാധാകൃഷ്ണൻ (ആലത്തൂർ), എ.എം. ആരിഫ് (ആലപ്പുഴ, വി. വസീഫ് (മലപ്പുറം), ജോയ്സ് ജോർജ് (ഇടുക്കി, എളമരം കരീം (കോഴിക്കോട്),കെ.കെ. ശൈലജ (വടകര), വി. ജോയ് (ആറ്റിങ്ങൽ), എം.വി. ബാലകൃഷ്ണൻ (കാസർഗോഡ്), കെ.ജെ.ഷൈൻ (എറണാകുളം) എന്നിവരാണ് സിപിഎമ്മിന് വേണ്ടി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്.
സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ഇടത് മുന്നണിയുടെ 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. സിപിഐയുടെ നാല് സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചത്. .
ഇത്തവണ സ്വതന്ത്രരായി ഒരു സ്ഥാനാർത്ഥിയേയും സിപിഎം അവതരിപ്പിച്ചിട്ടില്ല. പതിനഞ്ച് സ്ഥാനാർത്ഥികളും പാർട്ടി ചിഹ്നത്തിൽ ജനവിധി തേടും. ഇക്കുറി സ്വതന്ത്രരെ നിർത്തി ഒരു പരീക്ഷണം വേണ്ട എന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാർട്ടിങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ തീരുമാനം.
ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എംപി, മൂന്ന് എംഎല്‍എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിലേക്കു ചുരുങ്ങിയ സീറ്റുകൾ പ്രമുഖനേതാക്കളെ പടയ്ക്കിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കാൻ പോകുന്നതെന്നും ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കുക എന്നതാണ് നിലപാടെന്നും സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്ന മുദ്രാവാക്യമാണ് ഇടതു മുന്നണി ഉയർത്തിപ്പിടിക്കുന്നത്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ അനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും എകെജി സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോർപ്പറേറ്റ് മാധ്യമങ്ങൾ ബിജെപി ഏറെ മുന്നേറിയെന്നാണ് പ്രചരിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുന്നുണ്ടെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് അവർക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യ മുന്നണി ഒരുമിച്ചു നിന്ന് വോട്ടുകൾ നേടിയാൽ ബിജെപിക്ക് ജയിക്കുക എന്നുള്ളത് സാധ്യമല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിൽക്കുക എന്ന നിലപട് എടുത്തെങ്കിലേ ബിജെപിയെ തോൽപ്പിക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വികാരം വളർന്നു വരുന്നുണ്ട്. ബിഹാറിൽ ബിജെപി വിരുദ്ധമുന്നണി രൂപപ്പെട്ടുകഴിഞ്ഞു. യുപിയിലും സമാനതീതിയിലാണ്. എഎപിയുമായി ചേർന്നുള്ള കൂട്ടുകെട്ട് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. മഹാരാഷ്ട്രയിലും വിശാലമായ ഐക്യം രൂപപ്പെട്ടുവരുന്നുണ്ട് എന്നതും ബിജെപിയെ താഴെയിറക്കാനുള്ള ശ്രമങ്ങൾ വിപുലമാക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്. ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിച്ച് പോകാതെ ഒന്നിച്ചു കൊണ്ടുപോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ നിലപാടാണ് ബിജെപി എന്നും സ്വീകരിക്കുന്നത്. അയോധ്യ ക്ഷേത്രത്തെ ഉപയോഗിച്ച് ബിജെപിയും മാധ്യമങ്ങളും ഒരു നല്ല ചിത്രം ഉണ്ടാക്കി ഇലക്ഷൻ വിജയിക്കാനാണ് ശ്രമിക്കുന്നത്. ഫാസിസ്റ്റ് രീതിയിൽ നിലപാടെടുത്ത് ഭരണഘടനയെ തള്ളിക്കളഞ്ഞാണ് ബിജെപി മുന്നോട്ട് പോകുന്നത്. ഇതിനെ എതിർത്ത് മുന്നോട്ടു പോകുന്നത് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കോൺഗ്രസ് പ്രസ്താവനയിറക്കിയത് തന്നെ ഇടതുപക്ഷം കർശനമായ നിലപാട് എടുത്ത് നിന്നതിനു ശേഷമാണ്. ഇടതുമുന്നണി മാത്രമാണ് കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ച് കേരളത്തിനു വേണ്ടി സംസാരിച്ചത്. കേരളത്തിലെ പ്രതിപക്ഷം എല്ലാ വികസനപ്രവർത്തനങ്ങളെയും എതിർക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെയുൾപ്പെടെ എതിർത്ത് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷം മാത്രമാണ്. ഈ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.