കൊച്ചി: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിരീക്ഷണവുമായി ഹൈക്കോടതി. ടി.പി. ചന്ദ്രശേഖരൻ വധം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
രാഷ്ട്രീയ കൊലപാതകം സാധാരണയാണെന്ന് ചിന്തയാണ് മിക്കയാളുകൾക്കുമുള്ളത്. ടിപിയുടെ കൊലപാതകം വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ടി.പി. വധക്കേസിൽ വാദം തുടരവേയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും കൗസർ എടപ്പഗത്തുമാണ് കേസ് പരിഗണിക്കുന്നത്. ടിപി വധക്കേസിൽ കോടതി ഇന്ന് മൂന്നരക്ക് ശിക്ഷ വിധിക്കും. വിചാരണക്കോടതി വെറുതേവിട്ട രണ്ട് പേർക്കും മറ്റ് 12 പ്രതികൾക്കുമുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്.
സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ. രമയും കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി പ്രതികളും നൽകിയ അപ്പീലുകളിലാണു ഹൈക്കോടതി വിധി പറയുക. ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ നൽകിയ ഹർജിയിൽ പറയുന്നു.
അതേസമയം, അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ വാദം എന്നാൽ പ്രോസിക്യൂഷൻ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളായ കെ.കെ. കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും പ്രായം കണക്കാക്കണ്ടെയെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ കീഴ്ക്കോടതി കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണു ഹൈക്കോടതിയിൽ അപ്പീലുകൾ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ ശിക്ഷാവിധിക്കെതിരെ പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.