2035ല്‍ ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷന്‍ ബഹിരാകാശത്തുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുമെന്നും ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരെ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് എന്നിവര്‍ പങ്കെടുത്തു.
വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇപ്പോഴത്തെ തലമുറ ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് എല്ലായിടത്തും ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കും. ബഹിരാകാശ രംഗത്തും നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി. ശിവശക്തിയെന്ന പോയിന്റ് ഇന്ന് ലോകമറിയുന്നു. ഇന്ന് ഒരു ചരിത്ര നിമിഷത്തിനാണ് വിഎസ്എസ്സി സാക്ഷ്യം വഹിക്കുന്നത്. രാജ്യം 4 ബഹിരാകാശ യാത്രികരെ പരിചയപ്പെട്ടു.
ഇവര്‍ നാലു പേരല്ല, നാലു ശക്തികളാണ്, കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാകുന്ന 4 ശക്തികള്‍. രാജ്യത്തിന്റെ പേരില്‍ 4 പേര്‍ക്കും ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇവര്‍ 4 പേരുടെ പേരും എഴുതിചേര്‍ക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ കഠിനപരിശ്രമം നടത്തുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഈ മിഷന് ആവശ്യമാണ്. രാജ്യം നിങ്ങളോടൊപ്പമുണ്ട്. ഈ യാത്രികര്‍ സെലിബ്രിറ്റികളായി മാറും. ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഗഗന്‍യാന്‍ ദൗത്യം ബഹിരാകാശ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. ബഹിരാകാശ രംഗത്ത് വനിതകള്‍ക്ക് വലിയ പ്രധാന്യം. .
വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത്തരം ദൗത്യങ്ങള്‍ നടത്താനാകില്ല. ഇനിയും ഇന്ത്യ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് വരും. 2035ല്‍ ഇന്ത്യയുടെ സ്‌പേയ്‌സ് സ്റ്റേഷന്‍ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദൗത്യത്തില്‍ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അങ്കത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരെയാണ് പ്രധാനമന്ത്രി ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നരവര്‍ഷം റഷ്യയില്‍ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹ്യൂമന്‍ സ്‌പേസ് സെന്ററിലും പരിശീലനം നടത്തി. യാത്രികരുടെ കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പഠനശേഷം 1999 ജൂണിലാണും സേനയില്‍ ചേര്‍ന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക