ഇവർ ‘ഗഗനചാരികൾ’ സംഘത്തലവനായി മലയാളി, ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 തിരുവനന്തപുരം: ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിഎസ്‌എസ്‌സിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു.

“ഗഗൻയാൻ സംഘത്തെ മലയാളിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ. പ്രശാന്ത് ബാലക്യഷ്ണൻ നായർ നയിക്കും.അംഗദ് പ്രതാപ്, ശുബാൻശു ശുക്ല, അജിത്കൃഷ്ണ എന്നിവർ യാത്രയിൽ പങ്കാളികളാകും. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം പ്രശാന്ത് നായർ 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാ​ഗമാകുന്നത്.

ബഹിരാകാശ സഞ്ചാരികളെ കാണാൻ സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും അവരെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഈ നാല് പേരുകൾ നാല് മനുഷ്യർ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്. 40 വർഷങ്ങൾക്കുശേഷം ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ, സമയം നമ്മളുടേതാണ്, കൗണ്ട് ഡൗൺ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ”- പ്രധാനമന്ത്രി പറഞ്ഞു.

നാല് യാത്രികരും ഇന്ന് രാവിലെ തന്നെ വിഎസ്എസ്‌സിയില്‍ എത്തിയിരുന്നു. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇവരെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്.  2025ലാണ് ഐഎസ്ആർഒ ഗഗൻയാൻ ലക്ഷ്യമിടുന്നത്. നാലുപേരും വ്യോമസേന പൈലറ്റുമാർ 2019ൽ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്‍ററിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐഎസ്ആര്‍ഒയും ബംഗളൂരുവിൽ പരിശീലനം നല്‍കിവരുകയാണ്. 

അതേസമയം , ബഹിരാകാശ യാത്രികർ ഇല്ലാതെയഥാർഥ ഗഗൻയാൻ ദൗത്യത്തിന്റെ സാഹചര്യങ്ങൾ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗൻയാൻ പരീക്ഷണം ഈ വർഷം തന്നെ നടന്നേക്കും. യഥാർഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. ഇതിനൊപ്പം ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിലുണ്ടാകും. ബഹിരാകാശത്തെ ഗുരുത്വമില്ലാത്ത സാഹചര്യം എങ്ങനെ മനുഷ്യരെ സ്വാധീനിക്കുമെന്നുൾപ്പെടെയുള്ള വിവരങ്ങൾ ഈ ദൗത്യത്തിൽ നിന്ന് ഐഎസ്ആർഒയ്ക്ക് നേരിട്ട് ലഭിക്കും

ഐസ്ആർഒയുടെ മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നുണ്ട്. ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വിഎസ്എസ്സിയിൽ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.