സമീറ റെഡ്ഡിയുടെ ജീവിതം മാറ്റിമറിച്ച പങ്കജ് ഉധാസ്

പങ്കജ് ഉധാസ് എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരുന്നത് ‘ഓര്‍ ആഹിസ്ത, കീജി യേ ബാത്തേന്‍, ധട്ക്കനേക്കൊയീ, സുന്‍ രഹാ ഹോഗ’ എന്ന ഗാനമാണ്. ഇന്ത്യന്‍ പെണ്‍കുട്ടിയുടെയും ഓസ്‌ട്രേലിയന്‍ യുവാവിന്റെയും പ്രണയകഥ പറഞ്ഞ 1998ല്‍ പുറത്തിറങ്ങിയ ആഹിസ്ത എന്ന ആല്‍ബത്തിലേതായിരുന്നു ഗാനം. ആൽബത്തിൽ നായികയായി അഭിനയിച്ചത് തെന്നിന്ത്യൻ താരം സമീറ റെഡ്ഡിയായിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ച ആഹിസ്തയുടെ സ്രഷ്ടാവ് പങ്കജ് ഉധാസിന്റെ മരണത്തില്‍ ദുഖം പങ്ക് വെച്ചിരിക്കുകയാണ് താരം.

‘ഇന്ന് നമുക്കൊരു ഇതിസാഹത്തെയാണ് നഷ്ടപ്പെട്ടത്. ഓര്‍ ആഹിസ്ത, കീജി യേ ബാത്തേന്‍ എന്റെ ജീവിതം മാറ്റിമറിച്ചു. അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ബഹുമതിയാണ്. ഞങ്ങളുടെ തലമുറയുടെ വികാരമായി മാറിയ ഒരുപിടി മനോഹര ഗാനങ്ങള്‍ക്ക് നന്ദി, പങ്കജ് ഉദാസ് സര്‍. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും. റെസ്റ്റ് ഇന്‍ പീസ്,’ – എന്നായിരുന്നു സമീറ അനുശോചന സന്ദേശത്തിൽ കുറിച്ചത്.

1990 ജനറേഷൻ്റെ വലിയ നൊസ്റ്റാള്‍ജിയയാണ് ആഹിസ്ത എന്ന ആല്‍ബം. മൃദുവായ പിയാനോ സംഗീതത്തിനും ഫ്‌ലൂട്ടിനും അകമ്പടിയായി പങ്കജ് ഉധാസ് പാടി പാടിത്തുടങ്ങുന്നു, ‘മൃദുവായി പാടൂ… ഹൃദയമിടിപ്പുകള്‍ക്കായി ആരോ കാതോര്‍ക്കുന്നുണ്ടാകാം…’

ഒ.ഹെന്റ്രിയുടെ ‘ദി ഗിഫ്റ്റ് ഓഫ് മാഗി’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ആഹിസ്ത എന്ന ആല്‍ബം ഒരുക്കിയത്. ഗാനരംഗത്തില്‍ പങ്കജ് ഉധാസും അഭിനയിച്ചിട്ടുണ്ട്.