കൊച്ചി: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്‍റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്തുകൊണ്ടാണ് എസ്.എഫ്.ഐ .ഒ അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും കോടതി കെ.എസ്.ഐ.ഡി.സി.യോട് ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ഐ.ഡി.സിക്ക് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെ.എസ്ഐഡിസി മറുപടി നൽകിയത്. കെ.എസ്.ഐ.ഡി.സിയുടെ ഹർജിയിൽ ഇന്ന് കേന്ദ്ര സര്‍ക്കാരും രേഖാമൂലം നിലപാട് വ്യക്തമാക്കും.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും എക്സാലോജിക് കമ്പനിക്കുമെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന സൂചനയുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്തെത്തി. മാസപ്പടി പാർട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പും ചിത്രവും കുഴൽനാടൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും എന്നും കുഴൽനാടൻ വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൂടുതൽ തെളിവുകളും ആരോപണങ്ങളും പുറത്തുവിടുമെന്നാണ് കുഴൽനാടന്റെ പോസ്റ്റ് വ്യക്തമാക്കുന്നത്
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമ്മനി
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
.