ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഭാരവാരിയിലെ പടക്ക ശാലയിൽ സ്ഫോടനം. അപകടത്തിൽ 5 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
തൊഴിലാളികൾ പടക്കശാലക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
അപകട സ്ഥലത്ത്രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഭാരവാരിയിലെ ഫാക്ടറിക്ക് പടക്കങ്ങൾ വിൽക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ലൈസൻസ് ഉണ്ടെന്ന് കൗശാംബി എസ്പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു . പടക്കശാല ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.