ന്യൂഡല്‍ഹി: അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ സഹിതമാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) മൂന്നുപേരെയും പിടികൂടിയത്. അറസ്റ്റിലായ മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. ഒരു തമിഴ് സിനിമാ നിര്‍മാതാവാണ് മയക്കുമരുന്ന് സംഘത്തിന്റെ സൂത്രധാരനെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എന്‍.സി.ബി. അധികൃതര്‍ പറഞ്ഞു.
ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് ശൃംഖലയില്‍പ്പെട്ടവരാണ് ഡല്‍ഹിയില്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിന്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്യൂഡോഎഫഡ്രിന്‍ ആണ് ഇവരില്‍നിന്ന് എന്‍.സി.ബി. സംഘം പിടിച്ചെടുത്തത്.
ഡല്‍ഹിയില്‍നിന്ന് കടല്‍,വ്യോമ മാര്‍ഗമാണ് ഇവര്‍ രാസവസ്തു കടത്തിയിരുന്നത്. കോക്കനട്ട് പൗഡർ, ഹെല്‍ത്ത് മിക്സ് പൗഡര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ അയയ്ക്കുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്. ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇത്തരത്തില്‍ കടത്ത് നടന്നിരുന്നതെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുകള്‍ വന്‍തോതില്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നതായി ന്യൂസിലാന്‍ഡ് കസ്റ്റംസും ഓസ്ട്രേലിയന്‍ പോലീസും നേരത്തെ എന്‍.സി.ബി.യെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയന്‍ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് എന്‍.സി.ബി. സംഘം അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് യു.എസ്. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന് ഇതുസംബന്ധിച്ച ചില സൂചനകള്‍ എന്‍.സി.ബി.ക്ക് കൈമാറി.
മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ വരുന്നത് ഡല്‍ഹിയില്‍നിന്നുള്ള ചരക്കുകളിലാണെന്നാണ് അമേരിക്കന്‍ ഏജന്‍സി വിവരം നല്‍കിയത്. ഇതോടെ എന്‍.സി.ബി.യും ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലും സംയുക്തമായി അന്വേഷണം ആരംഭിച്ചു. നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് സംഘത്തെ അധികൃതര്‍ കണ്ടെത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ഉടന്‍തന്നെ ഓസ്ട്രേലിയയിലേക്ക് ഇവര്‍ രാസവസ്തുക്കള്‍ കടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഇതിനുപിന്നാലെയാണ് ഫെബ്രുവരി 15-ന് മയക്കുമരുന്ന് സംഘത്തിന്റെ പശ്ചിമ ഡല്‍ഹിയിലെ ഗോഡൗണില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
ഫെബ്രുവരി 15-ന് നടത്തിയ പരിശോധനയില്‍ 50 കിലോഗ്രാം സ്യൂഡോഎഫെഡ്രിനാണ് എന്‍.സി.ബി. സംഘം പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം സ്യൂഡോഎഫെഡ്രിനും പാക്ക് ചെയ്യുന്നതിനിടെയായിരുന്നു സംഘത്തിന് പിടിവീണത്. പിന്നാലെ ഗോഡൗണിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്നുവര്‍ഷത്തിനിടെ ഏകദേശം 45 തവണ മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ വിദേശത്തേക്ക് കടത്തിയതായാണ് ചോദ്യംചെയ്യലില്‍ പ്രതികള്‍ നല്കിയ മൊഴി. അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപ വിലവരുന്ന 3500 കിലോ സ്യൂഡോഎഫെഡ്രിനാണ് ഇത്തരത്തില്‍ പലതവണകളായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിര്‍മാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഒളിവില്‍പ്പോയ ഇയാള്‍ക്കായി എന്‍.സി.ബി.യുടെ അന്വേഷണം തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക