മാസം ഒന്നര ലക്ഷം രൂപയൊക്കെ കിട്ടുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു, എല്ലാം ജീവിതത്തില്‍ എഴുതിവെച്ചത് പോലെ നടന്നു; അഖിൽ മാരാർ

ബിഗ് ബോസ് കാണാത്ത, ബിഗ് ബോസിനെക്കുറിച്ച് കുറ്റം പറഞ്ഞ ഒരാള്‍ ഇതിന് അകത്തേക്ക് എത്തണം, ജനം തിരിച്ചറിയണം എന്നൊക്കെയായിരുന്നു വിധിയെന്നും സീസണിലെ വിന്നറും സംവിധായകനുമായ അഖില്‍ മാരാർ. 

ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ കണക്കാക്കിയത് ഒരു ഇരുപത് ദിവസം നില്‍ക്കണം എന്നാണ്. ആ ദിവസത്തേക്ക് കിട്ടുന്ന പണത്തെക്കുറിച്ചും കണക്ക് കൂട്ടി. പിന്നെ ഒരു ആറേഴുമാസത്തോളം ജീവിക്കാനുള്ള പൈസ അതില്‍ കിട്ടും. എന്നാല്‍ ഓരോ വീക്ക് കഴിയുമ്പോഴും കണക്ക് കൂട്ടല്‍ മാറി. അമ്പത് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ ദൈവമേ ഇത്രയും പൈസയൊക്കെ ഞാന്‍ എന്ത് ചെയ്യും എന്നായിരുന്നു എന്റെ ചിന്തയെന്നും അദ്ദേഹം പറയുന്നു. 

പതിനായിരം രൂപയ്ക്ക് പോലും വിലയുള്ള സമയമാണ്. 50 ലക്ഷവും കാറും കിട്ടുമെന്നോ അതിന് ശേഷവും വരുമാനം ലഭിക്കുന്ന സാധ്യതകള്‍ ഉണ്ടാകുമെന്നോ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. ഓരോ ദിവസത്തേയും ശമ്പളം ഗുണിക്കണം ഏഴ് എന്നതായിരുന്നു കണക്ക് കൂട്ടിയത്. 34 വയസ്സിന് ശേഷം എനിക്ക് വലിയ ഉയർച്ചയുണ്ടാകുമെന്ന് 22 -ാം വയസ്സില്‍ ഒരു ജോത്സ്യന്‍ എന്നോട് പറഞ്ഞിരുന്നു.

ഏകദേശം സിനിമയൊക്കെ എടുത്ത് കഴിഞ്ഞു. സിനിമ തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ഗ്രാഫിനെ മേലോട്ട് ഉയർത്തി. കുറേ വർക്കുകള്‍ വന്നു. എറണാകുളത്ത് വന്ന് താമസിക്കുമ്പോഴും അത്രയും പൈസ ഉണ്ടാകണമല്ലോ? മാസം ഒന്നര ലക്ഷം രൂപയൊക്കെ കിട്ടുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു. പക്ഷെ അതൊന്നും സ്ഥായിയായ ഉയർച്ചയായിരുന്നില്ല. ഇതെല്ലാം ജീവിതത്തില്‍ എഴുതിവെച്ചത് പോലെ നടന്നു.

പരാജയപ്പെട്ടവനായി ജീവിക്കില്ല എന്നത് ഞാന്‍ തീരുമാനിച്ചിരുന്നു. നേട്ടങ്ങള്‍ കഴിവ് കൊണ്ടല്ല എന്ന് പറയുന്നില്ല. നാദിറയും ഞാനും തമ്മിലുള്ള ക്യാപ്റ്റന്‍സി ടാസ്കില്‍ ഫുട്ബോള്‍ കളക്ട് ചെയ്യുന്നതിന് പകരം വല്ല സൂചിയും നൂലും കോർക്കലും തന്നിരുന്നെങ്കില്‍ ഞാന്‍ തോറ്റുപോകുമായിരുന്നു. ഞാന്‍ ജയിക്കുക എന്നുള്ള രീതിയിലുള്ള ഒരു ടാസ്ക് വന്നതുകൊണ്ട് കൂടിയാണ് ഞാന്‍ ജയിച്ചതെന്നും അഖില്‍ വ്യക്തമാക്കുന്നു.

ബിഗ് ബോസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുവദിച്ച് ഷോയിലേക്ക് വരുന്നതിന് മുമ്പ് കാരവാനില്‍ ഒറ്റക്ക് നിർത്തിയ അഞ്ച് മണിക്കൂറോളമായിരുന്നു. അത് ഒരു നരക തുല്യമായ അവസ്ഥയായിരുന്നു. ബിഗ് ബോസിന് അകത്തേക്ക് എത്തിയപ്പോള്‍ ആളുകളെയെക്കണ്ട് ഓക്കെയായി. ബിഗ് ബോസിന് അകത്ത് നില്‍ക്കുമ്പോള്‍ പുറത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയെ ചെയ്യരുത്.