ഹിയറിംഗില്‍ പങ്കെടുത്തില്ല, ഓപ്പണ്‍ സര്‍വ്വകലാശാല വിസി രാജിവെച്ചു

സര്‍വ്വകലാശാലാ വിസിമാരെ ഹിയറിംഗിന് വിളിച്ച ദിവസം തന്നെ ഓപ്പണ്‍ സര്‍വ്വകലാശാല വിസി മുബാറക് പാഷ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. 
കോടതി നിര്‍ദേശപ്രകാരം പുറത്താക്കാന്‍ നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നാിരുന്നു രാജി. അതേസമയം കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്‌കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈനിലൂടെ ഹാജരായി. 

മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങില്‍ അറിയിച്ചു. വിസിമാര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. കാലിക്കറ്റ് വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും ഓപ്പണ്‍ ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാന്‍ കാരണമായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോട്ടിസ് നല്‍കിയത്.

ഗവര്‍ണര്‍ വീണ്ടും ഹിയറിങ് നടത്താന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്തു സംസ്‌കൃത സര്‍വകലാശാല വിസി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തുവെങ്കിലും ഫയലില്‍ സ്വീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്നു കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു. തനിക്കും തന്റെ അഭിഭാഷകനും ഹിയറിംഗില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്‌കൃത വിസി ഗവര്‍ണറുടെ സെക്രട്ടറിക്കു കത്ത് നല്‍കിയെങ്കിലും ഗവര്‍ണറുടെ ഓഫിസ് ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂര്‍, ഫിഷറീസ് വിസിമാര്‍ക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News