ബാങ്ക് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ ആണോ ? എങ്കിലിതാ നിങ്ങൾക്ക് മുന്നറിയിപ്പുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ (IBPS) രംഗത്ത് വന്നിരിക്കുകയാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ അറിയിപ്പിനെതിരെയാണ് ഐബിപിഎസ് ഉദ്യോഗാർത്ഥികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
പൊതു മേഖലാ ബാങ്കുകളിലെ തസ്തികകളിലേക്ക് പരീക്ഷകൾ സംഘടിപ്പിക്കുന്ന സ്ഥാപനമാണ് ഐബിപിഎസ്. ചില വ്യക്തികളും സ്ഥാപനങ്ങളും ഐബിപിഎസുമായി ‘അഫിലിയേറ്റ് ചെയ്‌തിട്ടുള്ളതായും റിക്രൂട്ട്‌മെന്റ് പ്രക്രിയകളുമായി ബന്ധമുള്ളതായും പ്രചരിപ്പിക്കുന്ന വാദങ്ങളെയാണ് ഐബിപിഎസ് ചൂണ്ടിക്കാട്ടിയത്.
സ്ഥാപനത്തിൻ്റെ റിക്രൂട്ട്‌മെന്റ്, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രാതിനിധ്യം വഹിക്കാനോ പങ്കെടുക്കാനോ ബാഹ്യ വ്യക്തിയെയോ, ഏജന്റിനെയോ, കൺസൾട്ടൻസിയെയോ അധികാരപ്പെടുത്തിയിട്ടില്ലെന്ന് IBPS അറിയിച്ചു.
എല്ലാ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് സംബന്ധമായ വിവരങ്ങളും അറിയിപ്പുകളും IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.ibps.in/-ൽ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. വെരിഫൈഡ് വെബ്സൈറ്റിൽ നിന്നല്ലാത്ത സന്ദേശങ്ങളോ, പരസ്യങ്ങളോ, പോസ്റ്റുകളോ ഉദ്യോഗാർത്ഥികൾ അവഗണിക്കണമെന്നും ഐബിപിഎസ് മുന്നറിയിപ്പ് നൽകുന്നു. റിക്രൂട്ട്‌മെന്റ് വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം.
















