കോട്ടയം: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ച ആരോപണത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഷാജിയുടെ ആരോപണം ഗൗരവമുള്ളതാണ് സതീശൻ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സമരാഗ്നിയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷനേതാവിൻ്റെ പ്രതികരണം.കുഞ്ഞനന്തന് ഭക്ഷ്യവിഷബാധയേറ്റ് ജയിലില്‍ മരിച്ചത് അന്വേഷിക്കേണ്ടതാണ്..ടി.പി.ചന്ദ്രശേഖരൻ വധക്കേസ് ഗൂഢാലോചന അന്വേഷിച്ചാല്‍ എവിടെപ്പോയി നില്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാമെന്നും സതീശൻ പറഞ്ഞു.
വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞത്
ഫസല്‍ വധക്കേസിലെ ഉള്‍പ്പെടെ പ്രതികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ടി.പി. കൊലക്കേസില്‍ സി.പി.എം. നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്തന് ഭക്ഷ്യവിഷബാധയേറ്റ് ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കേണ്ടതാണ്.
ടി.പി. കൊലക്കേസില്‍ കുറ്റപത്രം നല്കി അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു അന്വേഷണത്തിന് സാധ്യതയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി കേസ് റീ ഓപ്പണ്‍ ചെയ്ത സാഹചര്യത്തില്‍ ടി.പി. വധത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷിക്കണം.
അന്വേഷണം എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാം. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചത് പിണറായി വിജയനാണ്. ഇതിന് പിന്നാലെയാണ് താഴെയുള്ള നേതാക്കള്‍ ചന്ദ്രശേഖരനെ വെള്ളപുതപ്പിച്ച് കിടത്തുമെന്നും തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്നുമൊക്കെ പ്രസംഗിച്ചത്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചാല്‍ ഉന്നതതല ഗൂഢാലോചന വ്യക്തമാകും.