ന്യൂഡൽഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻ്റെ കുടുംബം പഞ്ചാബ് സർക്കാർ പ്രഖ്യപിച്ച സഹായധനം നിരസിച്ചു. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരമാണ് കുടുംബം നിരസിച്ചത് . ഹരിയാന-പഞ്ചാബ് അതിർത്തിയായ ഖനൗരിൽ വെച്ച് ഹരിയാന പൊലീസിൻ്റെ നടപടിക്കിടെ ശുഭ്കരൺ സിംഗിൻ്റെ കുടുംബമാണ് നഷ്ടപരിഹാരത്തുക നിരസിച്ചത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മരിച്ച കർഷകന്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് ഒരു കോടി രൂപയുമാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചത്.
മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വെക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. മരണം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോൾ സംഭവത്തിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ പ്രതിഷേധം. കുടുംബം ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ ഒന്ന് മാത്രമായിരുന്നു സഹായധനം.
കുറ്റവാളികളെ പിടികൂടുമെന്ന് അവകാശപ്പെടുന്ന പഞ്ചാബ് സർക്കാർ എന്തുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നാണ് കർഷക സംഘടനകൾ ചോദിക്കുന്നത്. അതേസമയം, കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ യുവാവിന്റെ പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു.
ഹരിയാന-പഞ്ചാബ് അതിർത്തിയായ ഖനൗരിൽ വെച്ചാണ് ശുഭ്കരൺ സിംഗ് ബുധനാഴ്ച കൊല്ലപ്പെട്ടത്. യുവകർഷകൻ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ് കർഷക സംഘടനകൾ. രണ്ട് ദിവസത്തേക്ക് അതിർത്തിയിൽ നിർത്തിവെച്ച ഡൽഹി ചലോ മാർച്ചിന്റെ അടുത്ത ഘട്ടം ഇന്ന് കർഷക നേതാക്കൾ പ്രഖ്യാപിക്കും.
തലയ്ക്ക് വെടിയേറ്റ് മരിച്ച കർഷകനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനൊടുവിലാണ് മരിച്ച കർഷകന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്