വനിതാ ഹോം ഗാര്‍ഡുമാരും ട്രാഫിക് വാര്ഡന്മാരും സമൂഹത്തിന് നല്കുന്ന സേവനം സ്തുത്യര്‍ഹമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോം ഗാര്‍ഡ് – ട്രാഫിക് വാര്ഡന്മാരായ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
ഗതാഗത കുരുക്ക് അഴിക്കുന്നതിന് നിയുക്തരാക്കപ്പെട്ടവരാണ് ട്രാഫിക് വാര്ഡന്മാര്. ചുട്ടുപൊള്ളുന്ന വെയിലിനെയും കോരിച്ചൊരിയുന്ന മഴയെയും മറികടന്ന് ജോലി ചെയ്യുന്നവരാണിവര്‍. കേരളത്തിന്റെ ട്രാഫിക് സംവിധാനം സുഗമമായി നടപ്പാക്കുന്നതിന് ട്രാഫിക് വാര്ഡന്മാര് നല്കുന്ന സേവനം മഹത്തരമാണ്.ഹോം ഗാര്‍ഡ് – ട്രാഫിക് വാര്ഡന്മാരായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നത് സന്തോഷകരമാണ്.
തൊഴിലിടങ്ങളില്‍ അന്തസോടെയും അഭിമാനത്തോടെയും ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. സ്ത്രീകള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയണം. തുറന്നു പറഞ്ഞെങ്കിലേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകു.
പ്രബുദ്ധ കേരളത്തിന് ഒട്ടും നിരക്കാത്ത ചില പ്രവണതകള്‍ സമൂഹത്തില്‍ ഉണ്ടാകുന്നു എന്നത് ജാഗ്രതയോടെ കാണണം. സ്ത്രീകളുടെ സാമൂഹ്യപദവി ഇടിച്ചു താഴ്ത്തുന്നതിന് ഇടയാക്കുന്ന സ്ത്രീധന സമ്പ്രദായം ദുരാചാരമാണ്.
ഇത് ദൂരീകരിക്കുന്നതിനുള്ള നിലപാട് പെണ്‍കുട്ടികള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. വിവാഹ കമ്പോളത്തില്‍ വിലപേശി വില്ക്കേണ്ടവരല്ല സ്ത്രീകള്‍. സ്വന്തം ജീവിതം നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. ലിംഗ വ്യത്യാസത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന് അംഗം വി. ആര്. മഹിളാമണി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്, ഫിനാന്‍സ് ഓഫീസര്‍ ലീജാ ജോസഫ്, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ ഹോം ഗാര്‍ഡ് – ട്രാഫിക് വാര്ഡന്മാരായ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ. ആര്. അര്‍ച്ചന നയിച്ചു.
Read more ….
- ആദ്യ അനുമതി മലപ്പുറത്ത്:മണൽ വാരൽ പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജൻ
- അധികാരമോ, അര്‍ഹതപ്പെട്ട വിഹിതമോ സ്ഥാനമാനങ്ങളോ ഒന്നും തന്നെ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല; എൻഡിഎയ്ക്കെതിരെ തുറന്നടിച്ച് സി കെ ജാനു
- എന്നെ കൊല്ലാൻ അത് മതിയായിരുന്നു:തന്റെ പരിക്കിന് ഉത്തരവാദികൾ ഹരിയാന പൊലീസെന്ന് നീൽ ഭലീന്ദർ സിംഗ്
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- നവാൽനിയുടെ മൃതദേഹം കാണിച്ചു, രഹസ്യ സംസ്കാരം നടത്താൻ അധികൃതർ സമ്മര്‍ദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്മില
പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍
.ട്രാഫിക് വാര്ഡന്മാരായ വനിതകളെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് അവശ്യമുയര്‍ന്നു. പോലീസ്, നഗരസഭ തുടങ്ങിയവയുടെ ഭാഗമായി ഈ ജോലി ചെയ്യുന്നവരെ ആ വകുപ്പുകളുടെ ഭാഗമായി അംഗീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്.
.രസീത് വാങ്ങിയ ശേഷം പാര്‍ക്കിംഗ് ഫീസ് തരാതെ ചിലര്‍ പോകുന്നു.
.പി എഫ്, ഇ എസ് ഐ, ആരോഗ്യ- അപകട ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം.
.ശുചിമുറി സൗകര്യം ലഭ്യമല്ല. പൊതുശുചിമുറികള്‍ അടച്ചിട്ടിട്ടുള്ളവ തുറന്നു പ്രവര്‍ത്തിപ്പിക്കണം. ജോലി ചെയ്യുന്ന സ്ഥലത്തിന് അടുത്ത് ശുചിമുറി ഉറപ്പാക്കണം.
.അതതുമാസം ശമ്പളം കൃത്യമായി ലഭ്യമാക്കണം. 500 രൂപയാണ് ദിവസ വേതനം. ആയത് കരാര്‍ ജീവനക്കാരുടെ ദിവസ വേതനമെങ്കിലും ആക്കി ഉയര്‍ത്തി നല്‍കണം. നിലവിലെ ശമ്പളം ജീവിത ചെലവിന് മതിയാകുന്നില്ല.
.പൊതുജനങ്ങളില്‍ ചിലര്‍ മോശമായി പെരുമാറുന്നു. ഇതുസംബന്ധിച്ച് പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നല്കിയാലും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല.
.ട്രാഫിക് വാര്ഡന്മാരുടെ യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയണം.
.സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ടിഎ, തൊഴിലിന് അനുയോജ്യമായ സുരക്ഷിത യൂണിഫോം എന്നിവ ലഭ്യമാക്കണം.
.സിവില്‍ ഡിഫന്‍സ് സേവന പരിചയം നിയമനങ്ങള്‍ക്ക് അധിക യോഗ്യതയായി പരിഗണിക്കണം.
.ഹോം ഗാര്‍ഡ്സിന് വീടിന് അടുത്ത് ജോലി ചെയ്യാന്‍ അവസരം നല്‍കണം.