എമിമോളെ ‘വരദ’യാക്കിയത് ലോഹിത ദാസ്: ‘സുൽത്താനി’ൽ നായികയായി അരങ്ങേറ്റം| Varada

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വരദ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന താരം. വരദയുടെ യഥാർഥ പേര് എമിമോൾ എന്നാണെന്ന് അധികമാർക്കും അറിയില്ല.

പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് സമ്മാനിച്ചത്. നിവേദ്യത്തിലെ നായികാവേഷം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ‘സുൽത്താൻ’ എന്ന സിനിമയിലെ നായികയായി അരങ്ങേറ്റം കുറിച്ച വരദ പിന്നീട് അവതാരകയായും മോഡലായും മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായി മാറി.

തിരക്കേറുന്നതിനൊപ്പം വിവാദങ്ങളും വരദയെ പിന്തുടർന്നു. സീരിയലുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ജിഷിൻ മോഹനെ പ്രണയിച്ചു വിവാഹം കഴിച്ച വരദയ്ക്ക്  ജിയാൻ എന്നൊരു മകനുണ്ട്. അടുത്തിടെ വരദയും ഭർത്താവ് ജിഷിൻ മോഹനും വിവാഹമോചിതരായി എന്നൊരു വാർത്ത പുറത്തു വന്നിരുന്നു. 

എമിമോൾ എന്നായിരുന്നു എന്റെ പേര്. ലോഹിതദാസ് സാറാണ് എന്റെ പേര് മാറ്റി വരദ എന്നാക്കിയത്. ‘നിവേദ്യം’ എന്ന സിനിമയിലെ നായികയെ തേടിക്കൊണ്ടിരുന്ന ലോഹിതദാസ് സാറിന്റെ മുന്നിൽ ഞാൻ എത്തുകയായിരുന്നു. മുടി നീളം കുറച്ചു വെട്ടി മോഡേൺ ഡ്രസ്സിൽ ആയിരുന്നു ചെന്നത്.

എന്നെ കണ്ടിട്ട് അദ്ദേഹം പറഞ്ഞു: ‘ഈ സിനിമയ്ക്കു വേണ്ടി ഒരു നാടൻ കുട്ടിയെ ആണ് വേണ്ടത്. എമിക്ക് പറ്റിയ കഥാപാത്രമല്ല. വേറൊരു സിനിമയിൽ നായികയായി തന്നെ എമി സിനിമയിലെത്തണം. ചെറിയ കഥാപാത്രങ്ങളുമായി ആരെങ്കിലുമൊക്കെ സമീപിക്കും, പക്ഷേ ഏറ്റെടുക്കരുത്.’

പോകുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു: ‘എന്തായാലും അടുത്ത പ്രോജക്റ്റ് ചെയ്യുന്നതിന് മുൻപ് പേര് ഒന്ന് മാറ്റണം, ഒരു ഹിന്ദു പേര് ആണെങ്കിൽ നന്നായിരിക്കും’. അന്ന് ആ സിനിമ ചെയ്യാതെ പോയതുകൊണ്ട് ഞാൻ പേരൊന്നും മാറ്റിയില്ല.

Read More…..

പിന്നെ അദ്ദേഹത്തിന്റെ ശിഷ്യനായ വിനോദ് ഗുരുവായൂർ സ്ക്രിപ്റ്റ് എഴുതിയ പടത്തിൽ ആണ് ഞാൻ നായികയായി അഭിനയിച്ചത്. ‘സുൽത്താൻ’ എന്ന സിനിമയായിരുന്നു അത്. എന്റെ ഫോട്ടോ കണ്ടപ്പോൾ ലോഹി സർ പറഞ്ഞു, ‘ഈ കുട്ടിയെ എനിക്ക് അറിയാം അവളെത്തന്നെ വിളിച്ചോളൂ.’ അതിൽ അഭിനയിക്കാൻ പോയപ്പോഴാണ് പേര് മാറ്റി വരദ ആക്കിയത്. ആ പേര് എനിക്ക് ഒരുപാട് ഇഷ്ടമായി.

ഞാൻ ആദ്യമായി അഭിനയിച്ചത് ‘വാസ്തവം’ എന്ന സിനിമയിലാണ്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ കഥാപാത്രം. സിനിമയിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.  പഴയ എമിമോൾ ആണ് ഈ വരദ എന്ന് എന്റെ പഴയ സഹപാഠികളും അധ്യാപകരും ഒന്നും ചിലപ്പോൾ അറിയുന്നുണ്ടാകില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആകെ പങ്കെടുത്തിട്ടുള്ളത് ടാബ്ലോയിൽ ആണ്.

അമ്മ ബ്യൂട്ടീഷ്യൻ ആയിരുന്നു. അമ്മ മോഡൽസിനെ ഒക്കെ ഒരുക്കമായിരുന്നു. ആ സമയത്ത് ആ വർഷത്തെ കലണ്ടറിനു വേണ്ടി ഫോട്ടോ എടുക്കാൻ ഒരു മോഡൽ വേണം എന്ന് ഒരു ക്യാമറാമാൻ പറഞ്ഞു. അങ്ങനെ ഒരു  ഫോട്ടോ എടുക്കാൻ പോയതാണ് ഞാൻ.  

അന്ന് എനിക്ക്  നേരെ ചിരിക്കാൻ അറിയില്ല, പരിഭ്രമം വന്നിട്ട് ചിരിച്ചാൽ ചുണ്ടു വിറയ്ക്കും. അന്ന് അവിടെ ആർട്ടിലും മറ്റും വർക്ക് ചെയ്യുന്ന കുറേപ്പേരുണ്ട്. അവർ ഇപ്പോൾ പല ചാനലുകളിൽ ജോലി ചെയ്യുകയാണ്.

അന്ന് പരിചയപ്പെട്ടവർ അവരുടെ പ്രോജക്ട് വരുമ്പോൾ വിളിക്കും, പിന്നെ അവരുടെ കോണ്ടാക്ടിൽ വേറെ ആൾക്കാർ വിളിക്കും. അങ്ങനെ അങ്ങനെ മോഡൽ ആയി, കുറെ പരസ്യങ്ങൾ ചെയ്തു. അങ്ങനെ ശരിക്കും പറഞ്ഞാൽ  ഞാൻ പോലും അറിയാതെ “നമ്മൾ പോലും അറിയാതെ നമ്മൾ ഒരു അധോലോകമായി മാറി”.  

പിന്നെ ചാനലുകളിൽ അവതാരകയായി. അങ്ങനെ ചെറിയ കുട്ടികളെപ്പോലെ മുട്ടിലിഴഞ്ഞ് അടി വച്ചുവച്ച് ആണ് ഞാൻ ഒരു നടി ആയി വളർന്നു വന്നത്. സിനിമയാണ് ആദ്യം ചെയ്തത്. 2008 ൽ ആയിരുന്നു അത്. 2012 ൽ ആണ് സീരിയൽ ചെയ്യുന്നത്.

വളരെ കുറച്ചു സീരിയൽ മാത്രമേ ചെയ്തിട്ടുള്ളൂ. എനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ അവിടെ നിൽക്കില്ല. ടിവി ഷോകൾ കുറെ ചെയ്തിട്ടുണ്ട് ഇപ്പോഴും അവതാരകയായി പ്രവർത്തിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് കലാപരമായി ക്യാമറയുടെ മുന്നിലോ പിന്നിലോ എവിടെയെങ്കിലുമൊക്കെ പ്രവർത്തിക്കണം എന്നേ ഉള്ളൂ.  ഇതുകൊണ്ടൊക്കെ ഞാൻ സംതൃപ്തയാണ്. വരദ പറഞ്ഞു.