‘സിനിമ കണ്ടപ്പോൾ കരഞ്ഞുപോയി: പ്രതീക്ഷിച്ചതിനെക്കാളും മികച്ചത്’: അഭിപ്രായങ്ങൾ പങ്കുവെച്ചു യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്| Manjummel Boys

റീലീസ് ചെയ്ത ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ പുതിയ കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച രീതിയിലുള്ള പ്രേക്ഷകാഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ യുവാക്കളിൽ ഒരാൾ ​ഗുണാ കേവിൽ അകപ്പെട്ട സംഭവമാണ് ചിത്രം പറയുന്നത്.

ചിത്രം ​ഗംഭീരമായിട്ടുണ്ടെന്നും അന്നത്തെ ആ ദിവസങ്ങളിലേക്ക് സിനിമ തങ്ങളെ കൂട്ടിക്കൊണ്ടുപോയെന്നും പറഞ്ഞിരിക്കുകയാണ് യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ സ്വദേശികളായ സിജു, സുഭാഷ് എന്നിവരുള്‍പ്പെട്ട 11 പേരായിരുന്നു യാത്രാ സംഘാം​ഗങ്ങൾ.

സ്വന്തം ജീവിതത്തിൽ അനുഭവിച്ചകാര്യം വെള്ളിത്തിരയിൽ കണ്ടപ്പോൾ നല്ല രസം തോന്നിയെന്ന് 2006-ൽ മഞ്ഞുമ്മലിൽ നിന്ന് യാത്രപോയി ​ഗുണാ കേവിൽ അകപ്പെട്ട സുഭാഷ് പറഞ്ഞു. പഴയ ആ ലോകത്തിലേക്ക് ചിദംബരവും സംഘവും തിരിച്ചുകൊണ്ടുപോയി.

ഏതെങ്കിലും ദൈവം രക്ഷപ്പെടുത്താൻ വരട്ടേ എന്നായിരുന്നു ​ഗുഹയ്ക്കകത്ത് കിടക്കുമ്പോൾ ആലോചിച്ചത്. എന്നാൽ സുഹൃത്താണ് ദൈവത്തിന്റെ രൂപത്തിൽ വന്നത്. അനങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു അപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

അന്ന് സുഭാഷിനെ രക്ഷപ്പെടുത്തണം എന്ന ഒറ്റച്ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ​ഗുഹയ്ക്കകത്ത് ഇറങ്ങിയ സിജു പറഞ്ഞു. താനല്ലെങ്കിൽ കൂട്ടത്തിലെ മറ്റാരെങ്കിലും അതിനുള്ളിലേക്ക് ഇറങ്ങുമായിരുന്നുവെന്നും സിജു കൂട്ടിച്ചേർത്തു.

“അവൻ മരിച്ചെന്നും ഇനി കിട്ടില്ലെന്നും പലരും പറഞ്ഞു. അവന്റെ മൃതശരീരമെങ്കിലും കിട്ടാതെ തിരിച്ചുപോരില്ലെന്ന് ഞങ്ങളും പറഞ്ഞു. പോലീസിൽ അറിയിച്ചപ്പോൾ അവർ കുറേ അടിച്ചു. ഞങ്ങൾ തള്ളിയിട്ടതാണെന്നുവരെ പറഞ്ഞു.

അവിടെ വേറെയും കുഴികളുണ്ട്. പക്ഷേ സുഭാഷ് വീണ അതേ കുഴിയിൽ മുമ്പ് 13 പേർ വീണിട്ടുണ്ടെന്നുപറഞ്ഞപ്പോൾ ടെൻഷനായി. മഴ പെയ്യാനും തുടങ്ങിയപ്പോൾ തണുത്ത് വിറച്ചുപോയി. പക്ഷേ ആ മഴ ദൈവത്തിന്റെ അനു​ഗ്രഹമായാണ് കരുതിയത്.

Read More…..

മഴ പെയ്തിരുന്നില്ലെങ്കിൽ ചിലപ്പോൾ അവന് അവിടെക്കിടന്ന് വല്ലതും പറ്റിയേനേ. പുറത്തെത്തുമ്പോൾ സുഭാഷ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.” അവർ പറഞ്ഞു.

തങ്ങൾ പ്രതീക്ഷിച്ചതിനേക്കാളും മികച്ചതായിട്ടുണ്ട് സിനിമയെന്ന് അവർ പറഞ്ഞു. 2006-ൽ നടന്ന സംഭവമാണ്. സിനിമ കണ്ടപ്പോൾ കരഞ്ഞുപോയി. അടിപൊളി നടന്മാർ, സൂപ്പർ ഡയറക്ഷൻ, അടിപൊളി ക്യാമറാമാൻ.

എല്ലാ ടെക്നീഷ്യന്മാരും അടിപൊളിയായിരുന്നു. ഞങ്ങളായി അവർ ജീവിക്കുകയായിരുന്നു. അവർക്ക് ഒരു കയ്യടി കൊടുക്കണമെന്നും ‘യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്’ പറഞ്ഞു.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.