തിരുവനന്തപുരം: പേട്ടയിൽ നിന്നും തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന രണ്ടു വയസുകാരിയെ പരിശോധന നടത്താൻ. പൊലീസ് കുട്ടിക്കൊപ്പമുള്ള ബീഹാർ സ്വദ്വേശികൾ യഥാർത്ഥ മാതാപിതാക്കളാ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. കുട്ടിയുടെ സാമ്പിൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. രക്തത്തിൽ മദ്യത്തിൻ്റെ അംശമുണ്ടോയെന്നറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും.
ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുൻപ് കുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും. ഇന്നലെ രണ്ടു വയസ്സുകാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരും. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഒപ്പം ചാക്കയിലെ റോഡരികിൽ ഉണ്ടായിരുന്ന കുട്ടിയെ കാണാതാകുകയയിരുന്നു. ഇതിന് ശേഷം 19 മണിക്കൂറിനുശേഷം 500 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കാണാതായ കുട്ടിയും മറ്റ് മൂന്ന് സഹോദരങ്ങളും നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുഞ്ഞിന്റെ സുരക്ഷയും കേസിന്റെ അന്വേഷണവും പരിഗണിച്ചാണ് ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയിരിക്കുന്നത്. തൈക്കാട് ശിശുക്ഷേമ സമിതിയിലാണ് നlലവിൽ കുട്ടികൾ ഉള്ളത്. ബ്രഹ്‌മോസിന്റെ പിന്നിലുള്ള കാടുകയറിയ പ്രദേശത്ത് എങ്ങനെ കുഞ്ഞ് എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവിധയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിര്‍ണായകമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പൊലീസ് പറത്തിയ ഡ്രോണില്‍ പതിഞ്ഞ നിര്‍ണായ ദൃശ്യങ്ങളാണ് കുഞ്ഞിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. എന്നാല്‍ സ്ഥലത്തെ റെയില്‍ പാളത്തിന് അരികിലുള്ള ഓടയിലേക്ക് കുഞ്ഞ് എങ്ങനെ എത്തി എന്നതിലേക്ക് എത്താവുന്ന ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതില്‍ ഇനിയും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹ സാഹചര്യത്തില്‍ ഒരു വാഹനം പോലും കണ്ടെത്താനായിട്ടില്ല.
മഞ്ഞ സ്‌കൂട്ടര്‍ ചിത്രത്തിലെ ഇല്ല എന്ന നിഗമനത്തിലാണ് പൊലീസ്. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ കുഞ്ഞിനെ ഒളിപ്പിച്ചതെവിടെയെന്നതിനും ഉത്തരം കണ്ടെത്താനായില്ല. തട്ടിക്കൊണ്ടു പോയതിന്റെയോ തിരികെ കൊണ്ടുവന്നതിന്റെയോ ഒരു സൂചനയും ഇല്ല. കുട്ടിയെ മാറ്റിയതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ, തട്ടിക്കൊണ്ടു പോകല്‍ നാടകമായിരുന്നോ എന്നൊക്കെയാണ് നിലവിൽ പൊലീസ് അന്വേഷിക്കുന്നത്.