ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാർത്ഥ രൂപത്തിൽ പാത്രത്തിൽ എത്തണമെങ്കിൽ.അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി. അരിപ്പൊടിയുടെ കുറുക്കിൽ ജീരകത്തിന്റെ സ്വാദുമായി കുഞ്ഞുപിടികൾ പതുങ്ങിക്കിടക്കും. ഹോട്ടലുകളിലൊന്നും സർവസാധാരണമായ വിഭവമല്ല ഇത്. നല്ല നാടൻ ഭക്ഷണമുണ്ടാക്കുന്ന കോട്ടയം വീടുകളിലെ വിശേഷദിനവിഭവമാണ് ഇത്. ഇന്ന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും പരീക്ഷിച്ചാലോ?
അരിപ്പൊടി (നേരിയ തരിപ്പരുവത്തിൽ)- ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
ജീരകം- ഒരു ചെറിയ ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുൻപു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കിൽ വെള്ളം തിളപ്പിക്കണം. ജീരകം ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടർന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയിൽവച്ചു ചെറിയ ഉരുളകളാക്കണം.
ജീരകവെള്ളം ബാക്കിയുണ്ടെങ്കിൽ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേർത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പിടികൾ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാൻ തുടങ്ങുക. ഈ പിടികൾ ഉടഞ്ഞു പോകാതെ വേണം ഇളക്കാൻ. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകൾ മുകളിൽ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം
വറുത്തരച്ച് കോഴിക്കറി
ചേരുവകൾ
കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി
കറുവാപ്പട്ട- ഒരു കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലയ്ക്കാ- നാലെണ്ണം
സവാള- രണ്ട്
കറിവേപ്പില- ആവശ്യത്തിന്
വറ്റൽമുളക്- രണ്ട് എണ്ണം
തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്
തേങ്ങാക്കൊത്ത്- കുറച്ച്
ചിക്കൻ മസാല- ഒരു ടേബിൾ സ്പൂൺ
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ കഷണങ്ങളിൽ അൽപം മഞ്ഞൾപ്പൊടിയും മുളക്പൊടിയും കുരുമുളക് പൊടിയും ചിക്കൻ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂർ വയ്ക്കുക. പാനിൽ പെരുംജീരകം, ഗ്രാമ്പൂ, പട്ട, എലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മഞ്ഞൾപ്പൊടിയും മുളക്പൊടിയും മല്ലിപ്പൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കാം. ഇത് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളക്പൊടിയും മല്ലിപ്പൊടിയും ചിക്കൻമസാലയുംചേർത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കൻ വെന്ത് തുടങ്ങിയാൽ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാൽ വറുത്തു വച്ച് തേങ്ങാക്കൊത്ത് മുകളിൽ വിതറാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ