തിരുവനന്തപുരം: സപ്ലൈകോയിൽ മാധ്യമങ്ങൾ പ്രവേശിക്കരുതെന്ന ഉത്തരവുമായി സർക്കാർ. സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് വിചിത്രഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാന്‍ അനുവദിക്കരുതെന്നുമാണ് ഉത്തരവ്.
സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ജീവനക്കാർ അഭിപ്രായപ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീരാം വെങ്കിട്ടരാമൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി എടുക്കുമെന്നും സർക്കുലറിൽ ഉണ്ട്.വിവിധ വില്പന ശൃംഖലകളുമായി മത്സരമുള്ളതിനാൽ വാണിജ താൽപര്യം സംരക്ഷിക്കാൻ എന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ അടക്കം ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്.
സാധനങ്ങളുടെ സബ്സിഡി തുക വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് മുതൽ ഔട്ട്ലറ്റുകളിൽ വില വർദ്ധനവ് നിലവിൽ വന്നു. ഇതിന് തൊട്ടുമുമ്പാണ് എംഡിയുടെ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. വിതരണക്കാർക്ക് കുടിശിക തീർക്കാത്തത് കാരണം സ്‌പ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ പലതുമില്ലാത്ത അവസ്ഥയാണുള്ളത്. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും എന്ന കാരണത്താലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ്റെ വിചിത്ര ഉത്തരവിൽ പറയുന്നത്
സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ അനുമതി ഇല്ലാതെ മാധ്യമങ്ങള്‍ ഉള്‍പ്പടെ പുറത്തുനിന്നുള്ളവര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകള്‍ കൂടുതല്‍ മോശമാക്കുമെന്നതിനാല്‍ ജീവനക്കാര്‍ അത്തരത്തിലുള്ള അഭിമുഖങ്ങള്‍ നല്‍കരുത്. ഇക്കാര്യങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം. നിര്‍ദേശങ്ങള്‍ പാലക്കാത്ത പക്ഷം കടുത്ത അച്ചടക്ക നടപടികളുണ്ടാകും.
അതേസമയം, സിഎംഡിയുടെ സർക്കുലർ പുറത്തിറങ്ങിയതിന് പിന്നാലെ സബ്സിഡി സാധനങ്ങൾ കിട്ടാനില്ലാത്ത എറണാകുളം ഗാന്ധിനഗറിലെ മുഖ്യ ഔട്ട്ലറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർ അകത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയും, ഒഴിഞ്ഞ റാക്കുകളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.സപ്ലെകോയ്ക്കുള്ളിൽ ദൃശ്യങ്ങൾ പകർത്തുന്നത് തടയാനുള്ള എംഡിയുടെ സർക്കുലറിനെതിരെ സമരം തുടരാനും വ്യാപിപ്പിക്കാനുമാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.
















