കൊച്ചി: ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീയറ്റർ ഉടമകളുടെ തീരുമാനത്തിനെതിരെ വിവിധ ചലച്ചിത്ര സംഘടനകൾ. സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും.
ഫിയോക്കിൻ്റെ തീരുമാനത്തെ അവഗണിച്ച് ശ്രീഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഫെബ്രുവരി 22ന് തന്നെ റിലീസ് ചെയ്യാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. ഈ ചിത്രം പ്രദർശിപ്പിക്കാൻ കേരളത്തിലെ ഭൂരിപക്ഷം തിയേറ്റര്‍ ഉടമകളും തയ്യാറായിട്ടുണ്ട്. ഇതോടെ സമരം പൊളിയുമെന്ന ആശങ്കയിൽ ഇന്ന് തുടങ്ങേണ്ട സമരം വേണ്ടി കഴിഞ്ഞ ദിവസം വീണ്ടും നീട്ടി സമര പ്രഖ്യാപനം നടത്തുകയായിരുന്നു ഫിയോക്. ഈ മാസം 23മുതലാണ് സമരം ആരംഭിക്കുന്നത് എന്നാണ് ഇപ്പോൾ ഫിയോക്ക് അറിയിച്ചിരിക്കുന്നത്. ഫിയോ ക്കിൻ്റെ തീരുമാനത്തിനെതിരെ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയും രംഗത്തെത്തി.
സമര പ്രഖ്യാപനം പത്ര–ദൃശ്യ മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് ഫെഫ്ക്ക ഭാരവാഹികൾ പറയുന്നത്. മലയാള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാര്‍ഹവുമാണ്. മലയാള സിനിമയോട്, അതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്‌നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങെയറ്റം നിന്ദ്യമായ ഈ നിലപാട് പുന: പരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഫിയോക്കിന്റെ ജനറല്‍ബോഡി ചേർന്നാണ് ഫെബ്രുവരി 21 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം എടുത്തത്. ഒരു വിഭാഗം തീരുമാനത്തെ എതിര്‍ക്കുകയും സമര പ്രഖ്യാപനത്തെ അംഗീകരിക്കില്ലെന്നും അറിയിച്ചു. എന്നാൽ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഔദ്യോഗിക നേതൃത്വം ഉറച്ച് നിന്നതോടെ അവർ യോഗത്തില്‍ നിന്നും ഇറങ്ങി പോയി.
സമര പ്രഖ്യാപനത്തിനെ വെല്ലുവിളിച്ച് സിനിമകള്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇതിന് ഫിയോക്കിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്. ഇത് വീണ്ടും ഫിയോക്കിൽ പിളര്‍പ്പിന് സാഹചര്യമൊരുക്കും. മുമ്പ് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനായിരുന്നു തിയേറ്റർ ഉടമകളുടെ പ്രമുഖ സംഘടന. റിലീസുമായി ബന്ധപ്പെട്ട സമരങ്ങളെ തുടര്‍ന്ന് ഫെഡറേഷന്‍ പിളര്‍ന്നായിരുന്നു ഫിയോക്ക് ഉണ്ടായത്. ഫെഡറേഷന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട തിയേറ്റര്‍ അടച്ചിടലിന്റെ ഫലമായിട്ടായിരുന്നു സംഘടന പിളർന്നത്.
അതേസമയം, ഫിയോക്കിന്റെ ജനറല്‍ ബോഡിക്ക് വലിയൊരു വിഭാഗം തിയറ്റര്‍ ഉടമകള്‍ പങ്കെടുത്തിരുന്നില്ല. നേതൃത്വത്തിന്റെ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് അവർ വിട്ടുനിന്നത്. ഫിയോക്കിന്റെ അധ്യക്ഷന്‍. വിജയകുമാറാണ് പുതിയ സമര പ്രഖ്യാപനത്തിന് പിന്നില്‍ എന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. അഞ്ചല്‍ വിജയകുമാറിനോട് ഫിയോക്കിലെ ബഹുഭൂരിഭാഗം പേരും വിയോജിക്കുകയാണെന്നും ഒരു വിഭാഗം തീയറ്റർ ഉടമകളും ചൂണ്ടിക്കാട്ടുന്നു.
Read More:
- കേരള പൊലീസിന് നേരെ വെടിവെപ്പ്: അക്രമികൾ പിടിയിൽ
- മോദിയുടെ കാലത്തും വൻ കൽക്കരി കുംഭകോണം; അഴിമതിക്ക് വഴിയൊരുക്കിയതിൽ പ്രധാനമന്ത്രിക്കും പങ്ക്
- ഭർത്താവ് ചികിത്സ നിഷേധിച്ചു: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു
- അഡൾട്ട് സിനിമാ താരം കാഗ്നി ലിൻ കാര്‍ട്ടറിനെ മരിച്ച നിലയില്‍ കണ്ടെത്തി
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
ഒടിടി റിലീസിന് മലയാള സിനിമകൾ നേരത്തെ കൊടുക്കുന്നുവെന്ന് ആരോപിച്ചാണ് ഫിയോക്ക് ഔദ്യോഗിക വിഭാഗം സമരത്തിനിറങ്ങുന്നത്. എന്നാല്‍ അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ വരുന്നവയാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയ്‌ക്കെതിരായ സമരപ്രഖ്യാപനത്തിന് ഫിയോക്ക് പറയുന്ന ന്യായങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നാണ് ഭൂരിഭാഗം സിനിമാ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. അടുത്ത ആഴ്ചയും ഫിയോക്ക് തീരുമാനത്തെ മറികടന്ന് മലയാള സിനിമകൾ പ്രദർശനത്തിനെത്തിക്കാനാണ് വിവിധ ചലച്ചിത്ര സംഘടനകളുടെ നീക്കം.