‘ആദ്യ വിവാഹത്തിന് രണ്ടു മാസം മാത്രം ആയുസ്സ്’: സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയാകുന്നു|Aishwarya Shankar gets engaged

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയാകുന്നു. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍.

ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അതിഥി പങ്കുവച്ചിട്ടുണ്ട്.

കൂടാതെ ചേച്ചിക്കൊപ്പവും കസിൻസിനൊപ്പമുള്ള ചിത്രങ്ങളും അതിഥി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപേരാണ് ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. 

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്തു നടന്ന ആഡംബരവിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. വമ്പന്‍ വിവാഹ റിസപ്ഷൻ വേണ്ടെന്നു വച്ചിരുന്നു. ഇരുവരുടെയും വിവാ​ഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

Read More…..

ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി ‘വിരുമൻ’ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലെത്തിയത്.

ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. 

രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്‍റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്‍റെ കാരണം ശങ്കറിന്‍റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു.