എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ

പത്തനംതിട്ട: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ. അന്വേഷണം തടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ നല്‍കിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയ വിഷയത്തില്‍ താൻ മറുപടി പറയേണ്ട കാര്യമില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പത്തനംതിട്ടയില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം കാര്യങ്ങളൊക്കെ അവരുടെ കമ്പനി നോക്കിക്കൊള്ളും. പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ താൻ മുമ്പ് പ്രതികരിച്ചിട്ടുള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.

 
വീണാ വിജയന്റെ ഐ.ടി. കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്നും കമ്പനി ഇപ്പോള്‍ പ്രവർത്തിക്കുന്നില്ലെന്നമായിരുന്നു വിവാദം ഉയർന്നപ്പോള്‍ എം.വി. ഗോവിന്ദൻ പറഞ്ഞത്. ഡി.വൈ.എഫ്.ഐ. എടക്കാട് ബ്ലോക്ക് കമ്മറ്റി എളയാവൂരില്‍ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
Read more :

    

സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയൻ നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം.