തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കാര്യം കഷ്ടത്തിലാകുമോ? അതുവഴി മക്കളെയെല്ലാം ന്യായീകരിക്കുന്ന അച്ഛന്മാരെപ്പോലെ പിണറായിയുടെ അവസ്ഥയും മോശമാകുമോ?
ഈ ചോദ്യങ്ങളാണ് കര്‍ണാടക ഹൈക്കോടതിയുടെ ഇന്നത്തെ വിധിയിലൂടെ ഉന്നയിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) തന്റെ കമ്പനിയായ എക്‌സാ ലോജിക്കിനെതിരെ നടത്തുന്ന അന്വേഷണം തടയണമെന്നാണ് വീണാ വിജയന്‍ കോടതി മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നത്.
വീണാ വിജയന്‍ ഡയറക്ടറായ കമ്പനി കൊച്ചിയിലെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടയില്‍ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് അനധികൃതമാണെന്നും ഇത് നല്‍കാത്ത സേവനത്തിനെന്നു പറഞ്ഞാണ് കൈപ്പറ്റിയതെന്നുമാണ് എസ്.എഫ്.ഐ.ഒ വാദം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേസെടുക്കുകയും അന്വേഷിക്കാന്‍ ടീമിനെ വയ്ക്കുകയും ചെയ്തു.
2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് കരിമണല്‍ കമ്പനി വീണയുടെ കമ്പനിക്ക് മാസപ്പടി എന്ന രീതിയില്‍ പണം നല്‍കിയതെന്നാണ് ആക്ഷേപം.
ഈ ഇടപാട് ആദ്യം പുറത്തുവന്നത് ഇങ്ങനെയാണ്: കരിമണല്‍ കര്‍ത്താ എന്നറിയപ്പെടുന്ന, കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ ഒട്ടുമുക്കാലിന്റെയും മിക്ക മാധ്യമങ്ങളുടെയും അന്നദാതാവായ കര്‍ത്തായുടെ കമ്പനിയാണ് കരിമണല്‍ കച്ചവടത്തിലൂടെ കേരളത്തില്‍ കുറെക്കാലമായി നിറഞ്ഞുനില്‍ക്കുന്നത്. പണ്ട് മണിച്ചന്റെ മാസപ്പടി ബുക്ക് പോലെ ഒന്ന് കര്‍ത്തായും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
അതില്‍, ആര്‍ക്കൊക്കെ മാസപ്പടി കൊടുത്തിട്ടിട്ടുണ്ട്, കൊടുത്തു കൊണ്ടിരിക്കുന്നു എന്നതിന് കണക്കുണ്ട്. അത് രഹസ്യമായിരുന്നു.
പക്ഷേ, പൂച്ച പുറത്തുചാടിയത്, കര്‍ത്താ തന്നെ ആദായനികുതിയുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം പരിഹരിക്കാന്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിനു മുമ്പാകെ ഹാജരായപ്പോഴാണ്. കണക്കില്‍ അതാ കിടക്കുന്നു, വീണാ വിജയന്റെ കമ്പനിക്ക് കൊടുത്ത 1.72 കോടി രൂപ. എക്‌സാ ലോജിക്ക് ഐ.ടി സേവനം നല്‍കുന്ന ഒരു കമ്പനിയാണ്.
Read More……
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറുവദ്വീപ് ജീവനക്കാരൻ മരിച്ചു
- ചങ്ങനാശ്ശേരിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു: 10 പേര്‍ക്ക് പരിക്ക്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
ഇക്കാലത്ത് ഐ.ടി സേവനം വേണ്ടാത്തതായി പെട്ടിക്കടകള്‍ പോലുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, എന്തൊക്കെ സേവനങ്ങളാണ് വീണയുടെ കമ്പനി കരിമണല്‍ കമ്പനിക്ക് കൊടുത്തത് എന്ന വിവരം ഇപ്പോഴും പുറത്തുവന്നിട്ടില്ല. കരാര്‍ പ്രകാരം വാങ്ങിയ പൈസയ്ക്ക് ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംവിധാനം കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞത്, വലിയ സേവനമൊന്നും നല്‍കാതെ 1.72 കോടി രൂപ വാങ്ങിയതിനു തെളിവുണ്ടെന്നും അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നുമാണ്. ആ വാദം അംഗീകരിച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി ഇപ്പോള്‍ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
ഇനി വീണയുടെ മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണ്?. ഇതേ ആവശ്യമുന്നയിച്ച് സുപ്രിംകോടതിയില്‍ പോകാം. അല്ലെങ്കില്‍ അന്വേഷണത്തെ നേരിടാം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയുള്ള അന്വേഷണം തല്‍ക്കാലം പിണറായിക്കെതിരെ നീളേണ്ട കാര്യമൊന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ബേജാറാവേണ്ട കാര്യമില്ല.
എന്നാല്‍, പാര്‍ട്ടിക്ക് ബേജാറായേ പറ്റൂ. കാരണം, പാര്‍ട്ടി ഇതിനകം തന്നെ വീണാ വിജയനെയും ന്യായീകരിച്ചുകൊണ്ട് പ്രതിരോധക്കുട ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടല്ലോ.
വീണാവിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാത്രമല്ല, പിണറായി മന്ത്രിസഭയിലെ മന്ത്രിയായ പി.എ.മുഹമ്മദ് റിയാസിന്റെ ഭാര്യകൂടിയാണ്. അതിനാല്‍, ഗവണ്‍മെന്റ് ചെറിയ അളവില്‍ വെട്ടിലാകുമെന്നതും ഉറപ്പാണ്.
എന്നാല്‍, പാര്‍ട്ടി നന്നായി വെട്ടിലാകും. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇനി ഇതും രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ് രംഗത്തുവരുമോ? എന്തെല്ലാം കാണാനിരിക്കുന്നു?