കോഴഞ്ചേരി : കണ്ണിനും, മനസ്സിനും കുളിർമയേകുന്ന ദൃശ്യവിരുന്നൊരുക്കി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിൽ വർണ്ണവസന്തം ഒരുങ്ങുന്നു. ഊട്ടി പുഷ്പോത്സവം മാതൃകയിൽ ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്നു വരെ നടക്കുന്ന പുഷ്പമേളയിലെത്തുന്നവർക്കായി വലുതും ചെറുതുമായ പുഷ്പങ്ങളുടെ ശേഖരം കൊണ്ട് വർണ്ണക്കൂടാരം തുറക്കും. 23 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ് ഉദ്ഘാടനം ചെയ്യും. മേളയുടെ സമാപന സമ്മേളനം മാർച്ച് 3 ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
മേളയുടെ ലോഗോ പ്രകാശനം 19 ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള മാർത്തോമാ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമാ മൊത്ര പൊലീത്തക്ക് നൽകി നിർവഹിക്കും. മന്ത്രിമാരായ പി.പ്രസാദ്, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ.എൻ ബാലഗോപാൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സംബന്ധിക്കും.21 ന് കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ നിന്നും വിളംബര ജാഥ പ്രയാണം തുടങ്ങും. ജാഥ 10 സമീപ പഞ്ചായത്തുകളിൽ പ്രയാണം നടത്തും.
റോസ്, ലില്ലി, ചെമ്പരത്തി, ക്രിസാന്തം, മേരിഗോള്‍ഡ്, മുല്ല, പിച്ചി, ലിക്കാടിയാ, ഗോള്‍ഡന്‍ മുല്ല, കാറ്റസ്‌ക്ലോ, സാല്‍വിയ, കലാഞ്ചിയ, ജമന്തി, ഓര്‍ക്കിഡ്, പീസ് ലില്ലി, ആന്തൂറിയം, ലോറപ്റ്റലം, അരുളി, ഡാലിയ, അസീലിയ, പ്ലമേറിയ, ഗ്ലാഡിയോല, ചെമ്പകം, ബോഗണ്‍വില്ല, മുസാണ്ട, മെലസ്‌റ്റോമ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് പുഷ്പ വൈവിധ്യങ്ങളാണ് മേളയിൽ കാണികളുടെ മനംകവരുന്നത്. ഇതോടൊപ്പം റോസ്, ചുവപ്പ് നിറത്തിലുള്ള ഗുലാബ് ഖാസ് അല്ലെങ്കിൽ സിന്ധുര മുതൽ തത്തയുടെ കൊക്കിന്റെ ആകൃതിയിലുള്ള തോതാപുരി വരെ, 300 ഗ്രാം ഭാരമുള്ള പ്രശസ്തമായ രത്നഗിരി അൽ ഫോൻസോയും കൂടാതെ കേസർ, ബേദാമി, രാജപുരി, ബംഗാനപള്ളി, സുവർണരേഖ, നാം ടോക്, ബ്ലാക്‌റോസ്, മിയസാക്കി, ബാ നാനമംഗോ തുടങ്ങി 50ഓളം വത്യസ്‌ത മാവിൻ തൈകൾ. ആറുമാസം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക് പ്ലാവ് രണ്ടു കൊല്ലം കൊണ്ട് കായ്ക്കുന്ന ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ തുടങ്ങി നിരവധി വിദേശിയും സ്വ ദേശിയുമായ ഫലവൃക്ഷ തൈകൾ ആണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
വൻ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ മുതൽ ഭക്ഷ്യ വസ്തുക്കൾ വരെ ലഭിക്കുന്നുവെന്നതാണ് പ്രദർശന മേളയുടെ മറ്റൊരു പ്രത്യേകത. പാലക്കാടൻ കത്തി, രാജസ്ഥാൻ അച്ചാറുകൾ, മൈസൂർ മിഠായികൾ, മൈസൂർ ധാന്യങ്ങൾ, കോഴിക്കോടൻ ഹൽവ, മസാജർ, ചപ്പാത്തി മേക്കർ, എണ്ണയില്ലാതെ ഫ്രൈ ചെയ്യുന്ന ഉപകരണം, ബാംഗ്ലൂർ – ഊട്ടി ബജി സ്റ്റാളുകൾ എന്നീ സ്റ്റാളുകൾക്ക് പുറമെ വിവിധ രുചികളിലുള്ള പായസങ്ങളുടെ മേളയും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും അമൂല്യ നിരയുമായി പെറ്റ്ഷോയും മേളയിലുണ്ട്. ബാൾ പൈത്തൺ, ഇഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ, കോക് ടെയിൽ, പൈനാപ്പിൾ കോണ്യൂർ, ആഫ്രിക്കൻ ലവ്ബേർഡ്സ്, ഫാന്റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ സൗകര്യമുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കുമുൾപ്പെടെ പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞും ഇഗ്വാനയെ തോളിലേറ്റിയും ആഫ്രിക്കൻ ലവ്ബേർഡിനെ കൊഞ്ചിച്ചും വിവിധ ആംഗിളുകളിൽ ഫോട്ടോയെടുക്കാം.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
ചട്ടിയില്‍ വളരുന്ന കുടംപുളി, ഡ്രാഗണ്‍ ഫ്രൂട്ട്, മിറക്കിള്‍ ഫ്രൂട്ട് തുടങ്ങിയവയും പുഷ്പമേളയുടെ ആകര്‍ഷണങ്ങളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറില്‍പ്പരം വാണിജ്യ വ്യാപാര വിപണന സ്റ്റാളുകള്‍, ഫാമിലി ഗെയിം സോണ്‍, ഓട്ടോ എക്‌സ്‌പോ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ഇലന്തൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകൾ , തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, കോയിപ്രം, അയിരൂർ, ചെറുകോൽ, ഇലന്തൂർ, ആറന്മുള, മെഴുവേലി, നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴഞ്ചേരി സെൻ്റ്തോമസ് കോളേജ് അലുംനി, കൃഷി വിജ്ഞാനകേന്ദ്ര, വിവിധ സാംസ്കാരിക-സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഓരോ ദിവസവും കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികൾ സംഘടിപ്പിക്കും.വാർത്താ സമ്മേളനത്തിൽ സെറി ഫെഡ് ചെയർമാൻ വിക്ടർ ടി. മോസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് റോയി ഫിലിപ്പ്, പഞ്ചായത്തംഗം ബിജിലി പി. ഈശോ, ഷാജി പള്ളിപ്പിടികയിൽ, സാലി ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക