ഹാമിൽട്ടൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം ഒടുവിൽ യാഥാർഥ്യമാക്കി ന്യൂസീലൻഡ്. ഹാമിൽട്ടനിലെ സെഡാൻ പാർക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തകർത്താണ് ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിൽ അവർ 281 റൺസിന്റെ വിജയം നേടിയിരുന്നു. ഇതോടെ, രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് തൂത്തുവാരി.
രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ വില്യം ഒറോക്, തകർപ്പൻ സെഞ്ചറിയുമായി പടനയിച്ച കെയ്ൻ വില്യംസൻ എന്നിവരാണ് രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡിന് വിജയം സമ്മാനിച്ചത്. വില്യം ഒറോകാണ് കളിയിലെ കേമൻ. വില്യംസൻ 133 റൺസുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമാണ് ഈ വിജയമെന്നത് ന്യൂസീലൻഡിന് ഇരട്ടി മധുരമായി. 92 വർഷവും 18 പരമ്പരകളും നീണ്ട കാത്തിരിപ്പിനു ശേഷമാണ് ന്യൂസീലൻഡ് ദക്ഷിണാഫ്രിയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിൽ വിജയം നേടുന്നത്. സ്കോർ: ദക്ഷിണാഫ്രിക്ക – 242 & 235, ന്യൂസീലൻഡ് – 211& 269/3
ദക്ഷിണാഫ്രിക്ക ഉയർത്തിയ 267 റൺസിന്റെ വിജയലക്ഷ്യം 94.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് അവസാന ദിനം ന്യൂസീലൻഡ് മറികടന്നത്. 260 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതമാണ് വില്യംസൻ 133 റണ്‍സെടുത്തത്.
ഇതോടെ, ഇന്നിങ്സുകളുടെ എണ്ണത്തിൽ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 32 സെഞ്ചറികൾ പൂർത്തിയാക്കുന്ന താരമായി വില്യംസൻ മാറി. മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിങ്സിൽ കൂടുതൽ സെഞ്ചറികളെന്ന പാക്ക് മുൻ താരം യൂനിസ് ഖാന്റെ റെക്കോർഡിന് ഒപ്പമെത്താനും വില്യംസനായി. 40 ഇന്നിങ്സിൽനിന്ന് അഞ്ച് സെഞ്ചറി നേടിയ യൂനിസിനൊപ്പമെത്താൻ വില്യംസനു വേണ്ടിവന്നത് 26 ഇന്നിങ്സുകൾ മാത്രം. വിൽ യങ് 134 പന്തിൽ എട്ടു ഫോറുകളോടെ 60 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത നാലാം വിക്കറ്റിൽ വില്യംസൻ – യങ് സഖ്യം 288 പന്തിൽ 152 റണ്‍സ് കൂട്ടിച്ചേർത്താണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഓപ്പണർമാരായ ടോം ലാഥം (57 പന്തിൽ 30), ഡിവോൺ കോൺവേ (44 പന്തിൽ 17), രചിൻ രവീന്ദ്ര (72 പന്തിൽ 20) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായത്. കിവീസിനു നഷ്ടമായ മൂന്നു വിക്കറ്റും ഡെയ്ൻ പീത് നേടി.
Read more:
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക