രാജ്കോട്ട്: ടീം ഇന്ത്യയിലെ അരങ്ങേറ്റ മത്സരത്തില്‍ അർധ സെഞ്ചറിയുമായി തിളങ്ങി യുവതാരം സർഫറാസ് ഖാൻ. 66 പന്തുകളിൽ നിന്ന് 62 റണ്‍സെടുത്ത താരം രവീന്ദ്ര ജദേജയുടെ വലിയൊരു പിഴവിൽ റണ്ണൗട്ടാകുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 66 പന്തുകളിൽനിന്ന് 62 റൺസെടുത്താണു താരം പുറത്തായത്. ഒരു സിക്സും ഒന്‍പതു ഫോറുകളും ബൗണ്ടറി കടത്തിയ താരം അപ്രതീക്ഷിതമായി റൺഔട്ടാകുകയായിരുന്നു.
മത്സരത്തിൽ നായകൻ രോഹിത് ശർമക്കു പിന്നാലെ ജദേജയും സെഞ്ച്വറി നേടിയെങ്കിലും താരത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സെഞ്ച്വറി നേട്ടത്തിനായി സർഫറാസിനെ ബലിയാടാക്കി എന്നുവരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ വിമർശിക്കുന്നുണ്ട്. ഒന്നാംദിനത്തിലെ അവസാന സെഷനിൽ രോഹിത്ത് പുറത്തായതിനു പിന്നാലെയാണ് സർഫറാസ് ക്രീസിലെത്തുന്നത്. അരങ്ങേറ്റത്തിന്റെ പരിഭവമേതുമില്ലാതെ ഇംഗ്ലീഷ് ബൗളർമാരെ അനായാസം നേരിട്ടാണ് ടെസ്റ്റിൽ ഇന്ത്യൻ താരത്തിന്റെ അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടത്തിൽ ഹാർദിക് പാണ്ഡ്യയുടെ റെക്കോഡിനൊപ്പമെത്തുന്നത്.
പിന്നാലെ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. ജദേജ 84 റണ്‍സെടുത്ത് നിൽക്കുമ്പോഴാണ് സര്‍ഫറാസ് ക്രീസിലെത്തുന്നത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതില്‍ 62 റണ്‍സും സര്‍ഫറാസിന്റെ വകയായിരുന്നു. 82ാം ഓവറിലെ അഞ്ചാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് ജദേജ റണ്ണിനായി ഓടി. നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന സർഫറാസും റണ്ണിനായി സ്റ്റാർട്ട് ചെയ്തു. എന്നാൽ പന്ത് നേരെ മാർക്ക് വുഡിന്റെ കൈയിലാണ് എത്തിയത്. ഇതോടെ ജദേജ തിരിഞ്ഞ് ക്രീസിലേക്ക് തന്നെ ഓടി. അപ്പോഴേക്കും സർഫറാസ് ക്രീസ് വിട്ട് ഏറെ ദൂരത്തിലെത്തിയിരുന്നു.
പിന്നാലെ ക്രീസിലേക്ക് തന്നെ തിരിഞ്ഞോടിയെങ്കിലും ഫലമുണ്ടായില്ല, സർഫറാസ് വുഡിന്റെ ഡയറക്ട് ഹിറ്റിൽ പുറത്ത്. ജഡേജയെ തിരിഞ്ഞു നോക്കി നിരാശയോടെ നിൽക്കുന്ന സർഫറാസിനെ മൈതാനത്ത് കാണാമായിരുന്നു. ജദേജയുടെ റണ്ണിനായുള്ള തെറ്റായ വിളിയാണ് സര്‍ഫറാസിന്റെ മനോഹര ഇന്നിങ്സ് അവസാനിപ്പിച്ചത്. ആരാധകരുടെ വിമർശനം ശക്തമായതിനു പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജദേജ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ക്ഷമാപണം നടത്തിയത്.
‘സർഫറാസ് ഖാനോട് വിഷമം തോന്നുന്നു, എന്റേത് തെറ്റായ വിളിയായിരുന്നു. നന്നായി കളിച്ചു’ -ജദേജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ കളിക്കുമ്പോഴും സർഫറാസിന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം നീണ്ടുപോകുകയായിരുന്നു. അതേസമയം, കളിയിലുടനീളം ജദേജ തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്ന് സര്‍ഫറാസ് മത്സരശേഷം പ്രതികരിച്ചു.
ഞങ്ങൾക്കിടയിലുണ്ടായ ആശക്കുഴപ്പമാണ് പുറത്താകലിന് കാരണമായത്. കളിക്ക് ശേഷം ജദേജ എന്നോടത് പറഞ്ഞിരുന്നു. ഇത് കളിയുടെ ഭാഗമാണെന്നും സാരമില്ലെന്നുമാണ് സർഫറാസ് ഇതിനു മറുപടിയായി പറഞ്ഞത്.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക