2024 ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കുകയാണ്. തദ്ദേശ സ്വയം ഭരണവും എക്സൈസും വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 19ന് രാവിലെ 11.30ന് കൊട്ടാരക്കര ജൂബിലി ഹാളിൽ തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാർഡുകള്‍ മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എംപിമാരും എംഎൽഎമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.
തദ്ദേശ ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മൃഗസംരക്ഷണ ക്ഷീര വിസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. തദ്ദേശ ദിനാഘോഷത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് ഘോഷയാത്രയോടെ തുടക്കമാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും വിപുലമായ പ്രദർശനവും കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലുമെല്ലാം ഫെബ്രുവരി 19 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാം പതിപ്പാണ് കൊട്ടാരക്കരയിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിളാ മേരി ജോസഫ് ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.
അതിദാരിദ്ര്യം മുതൽ കെ സ്മാർട്ടും ഡിജിറ്റൽ സാക്ഷരതയും വരെയുള്ള വിപുലമായ പ്രവർത്തനങ്ങളാണ് പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ സംസ്ഥാനത്ത് നടക്കുന്നത്. ഏറ്റെടുത്ത വിവിധ പദ്ധതികളുടെ വിലയിരുത്തലും, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും ഉള്‍പ്പെടെയുള്ളവ രണ്ട് ദിവസം നീളുന്ന തദ്ദേശ ദിനാഘോഷത്തിൽ നടക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് അക്കാദമിക് സെഷനുകളാണ് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥർക്കുമായി 18,19 തീയതികളിലായി ഒരുക്കിയിരിക്കുന്നത്. സംരഭകത്വവും ഉപജീവനവും, മാലിന്യ സംസ്കരണം-വെല്ലുവിളികളും നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗവും നിയമവും, അതിദാരിദ്ര്യ നിർമാർജനം,ഇ ഗവേണൻസും ഡിജിറ്റൽ സാക്ഷരതയും, സുസ്ഥിര വികസനവും പ്രാദേശിക സർക്കാരുകളും തുടങ്ങിയ ദൈനംദിന വിഷയങ്ങളിലാണ് വിപുലമായ ചർച്ചകള്‍ നടക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുന്നോട്ടുപോക്കിന് അനിവാര്യമായ നിർദേശങ്ങളും ആശയങ്ങളും ഈ ചർച്ചകളിലൂടെ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വരാജ് ട്രോഫി
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണ് സ്വരാജ് ട്രോഫി. ഈ ആദരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും മാതൃകപരമായ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. സ്വരാജ് ട്രോഫി ജേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങളാണ് ഈ വർഷം മുതൽ നിശ്ചയിച്ചിരിക്കുന്നത്. വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലെ മികവ് പരിഗണിച്ച്, ഓരോ വിഭാഗത്തിലും മാർക്ക് രേഖപ്പെടുത്തി മികവുറ്റ നിലയിലാണ് അവാർഡ് നിർണയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യ സംസ്കരണം തുടങ്ങിയവയും സ്വരാജ് ട്രോഫി നിശ്ചയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വരാജ് ട്രോഫിക്കൊപ്പം, സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷം രൂപയും, മൂന്നാമതെത്തിയവർക്ക് 30 ലക്ഷം രൂപയും ലഭിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും ഈ മൂന്ന് സമ്മാനങ്ങളും നിശ്ചയിക്കും. കോർപറേഷനിൽ ഒന്നാം സമ്മാനം മാത്രവും, ജില്ലാ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനവുമാണ് നിശ്ചയിക്കുക. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് 20 ലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് 10 ലക്ഷം രൂപ വീതം പുരസ്‌കാര തുകയായി ലഭിക്കും.
- ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി
- കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ
- കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
- തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്
മഹാത്മാ-മഹാത്മാ അയ്യങ്കാളി ട്രോഫി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും മഹാത്മാ പുരസ്കാരം സമ്മാനിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവ് പരിഗണിച്ചാണ് മഹാത്മാ അയ്യങ്കാളി പുരസ്കാരം മുൻസിപ്പാലിറ്റികള്‍ക്കും കോർപറേഷനും സംസ്ഥാന തലത്തിൽ നൽകുന്നത്.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കൃത്യമായ പരിശോധനകളിലൂടെയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇന്നലെ ഫെബ്രുവരി 14ന് 12.00 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സ്വരാജ് ട്രോഫി / മഹാത്മാ / മഹാത്മാ അയ്യങ്കാളി പുരസ്ക്കാര നിര്‍ണ്ണയ സമിതിയുടെ യോഗം ചേർന്നാണ് അന്തിമ വിജയികളെ തെരഞ്ഞെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക