ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞ് സുപ്രീം കോടതി. ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർണായക വിധി. രാഷട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്.

പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭാവനകളുടെ വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. സംഭാവന സംബന്ധിച്ച രഹസ്യാത്മകത വിവരവകാശ നിയമത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഇടപാട് തടയാനുള്ള ഏകമാർഗമല്ല ഇലക്ടറൽ ബോണ്ട്. സംഭാവന സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകണം. പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അംഗീകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടികൾക്ക് പണമാക്കി മാറ്റാം. സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ചോദ്യംചെയ്യപ്പെട്ടതും.

രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന പണമായി നൽകുന്ന പഴയരീതിയിലേക്ക് തിരിച്ചുപോകേണ്ടതില്ലെന്നും അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവകരമായ പിഴവുകൾ പരിഹരിക്കണമെന്നും കേസ് വിധിപറയാൻ മാറ്റവേ സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമൺ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹർജി നൽകിയത്.

READ ALSO…..

ബോണ്ടുകൾവഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും. അതേസമയം, മറ്റു പാർട്ടികൾക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കൾ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ബോണ്ടുകൾ നൽകിത്തുടങ്ങിയത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക