തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്

കൊച്ചി: ആധാര്‍ സോഫ്റ്റ്വേറില്‍ നുഴഞ്ഞുകയറി ആധാര്‍ സൃഷ്ടിച്ചെടുത്തത് രാജ്യത്തെ കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്. പശ്ചിമ ബംഗാളിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇവിടെ നിന്നു മുന്‍പ് ആധാറില്‍ ക്രമക്കേടുകള്‍ നടത്താന്‍ ശ്രമം നടന്നെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതേ പ്രദേശത്തു നിന്ന് മലപ്പുറത്തെ ആധാര്‍ മെഷീനിലൂടെ 38 ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു.

തിരൂര്‍ ആലിങ്ങലിലെ അക്ഷയ സെന്ററിലൂടെയാണ് ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി കഴിഞ്ഞ മാസം ആധാറുകള്‍ സൃഷ്ടിച്ചെടുത്തത്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തുനിന്നാണ് നുഴഞ്ഞുകയറിയതെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. തിരൂരിലെ അക്ഷയ സെന്ററിലെ ആധാര്‍ മെഷീനില്‍നിന്ന് എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ആധാറുകള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് യു.ഐ.ഡി.യുടെ കരിമ്പട്ടിക പ്രദേശങ്ങളുള്ളത്. ബംഗ്ലാദേശില്‍നിന്നു നുഴഞ്ഞുകയറുന്നവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ അനധികൃതമായി നിര്‍മിച്ചു നല്‍കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇവിടത്തെ പല ആധാര്‍ ഓപ്പറേറ്റര്‍മാരുടെയും അംഗീകാരം എടുത്തു കളഞ്ഞിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ നിര്‍മിച്ച കേസുകളും ഇവിടങ്ങളിലുണ്ടായിട്ടുണ്ട്.

READ ALSO…..

മലപ്പുറത്തെ നുഴഞ്ഞുകയറ്റം ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തുനിന്നാണെന്ന് കണ്ടെത്തിയത് ഡേറ്റ അപ്ലോഡ് ചെയ്തപ്പോഴുള്ള അക്ഷാംശവും രേഖാംശവും മുഖേനയാണ്. ഓരോ ആധാര്‍ ഓപ്പറേറ്ററും ആധാര്‍ മെഷീന്‍ ഓണ്‍ ചെയ്യുമ്പോള്‍ സ്ഥലം തിരിച്ചറിയുന്ന ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) പ്രവര്‍ത്തിപ്പിക്കണം. ഇത്തരത്തില്‍ എവിടെ നിന്നാണ് ആധാര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് എന്ന് യു.ഐ.ഡി.ക്ക് വ്യക്തമാകും. ആധാറില്‍ നുഴഞ്ഞുകയറിയവര്‍ വിരലടയാളം, കണ്ണുകള്‍ എന്നിവ പകര്‍ത്തിയത് രജിസ്ട്രേഷന്‍ ഇല്ലാത്ത മെഷീനില്‍നിന്നാണ്. ഇത് തിരൂരിലെ മെഷീനിലൂടെ കയറ്റി വിടുകയായിരുന്നു. അപ്പോള്‍ മെഷീനിലെ ലൊക്കേഷനും വിരലടയാളം, കണ്ണുകള്‍ എന്നിവ പകര്‍ത്തിയ ലൊക്കേഷനും വേറെയായി മാറി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക