രാമക്ഷേത്രത്തിന് 11 കോടി സംഭാവന; ഗോവിന്ദ് ധോലാകിയ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്

 

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി സംഭാവന നൽകിയ വ്യവസായിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ബി.ജെ.പി. ഗുജറാത്തിലെ വജ്ര വ്യവസായി ഗോവിന്ദ് ധോലാകിയയെ ആണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്ര നിർമാണ, കയറ്റുമതി സ്ഥാപനമായ ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്.ആർ.കെ) സ്ഥാപകനും ചെയർമാനുമാണ് ഗോവിന്ദ് ധോലാകിയ. 1970ലാണ് അദ്ദേഹം കമ്പനി ആരംഭിച്ചത്. 5000ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ മൊത്തം വരുമാനം 1.8 ബില്യൺ ഡോളറാണ്. പ്രഭാഷകനായും ഇദ്ദേഹം അറിയപ്പെടുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2014ൽ എസ്.ആർ.കെ നോളജ് ഫൗണ്ടേഷനും സ്ഥാപിച്ചു.

അമ്റേലി സ്വദേശിയായ ഇദ്ദേഹം വജ്ര മേഖലയിലെ തൊഴിലാളിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന്റെ നാല് മണിക്കൂർ മുമ്പ് മാത്രമാണ് തന്റെ സ്ഥാനാർഥിത്വം അറിഞ്ഞതെന്ന് ഗോവിന്ദ് ധോലാകിയ പറഞ്ഞു. തന്റെ പേര് അന്തിമമാക്കുന്നതിന് മുമ്പ് ബി.ജെ.പി നേതൃത്വം തീർച്ചയായും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, മായങ്ക് നായക്, ഡോ. ജഷ്വന്ദ്സിങ് പാർമർ എന്നിവരും ഗുജാറത്തിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ബാബരി മസ്ജിദ് തകർത്ത കർസേവകരിലൊരാളായ അജിത് ഗൊപ്ചാതെ മഹാരാഷ്ട്രയിൽനിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭ സ്ഥാനാർഥി പട്ടികയിലുണ്ട്.

Read more…