ബംഗാള്‍ ബി.ജെ.പി പ്രസിഡന്റിന് പരിക്ക്, കാറില്‍ നിന്ന് വീണിട്ട് അഭിനയമെന്ന് തൃണമൂല്‍

കൊല്‍ക്കത്ത: വിവാദമായ സന്ദേശ്ഖാലി സംഭവത്തില്‍ പ്രതിഷേധിക്കാന്‍ പോയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഖന്ദ മജുംദാറിനെ പൊലീസുമായുള്ള ഉന്തിലും തള്ളിലും പരിക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കാറില്‍നിന്ന് വീണാണ് മജുംദാറിന് പരിക്കേറ്റതെന്നും അദ്ദേഹത്തിന് നന്നായി അഭിനയിക്കാന്‍ അറിയാമെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്ക് ഒരു മാനഭംഗകേസില്‍ ഇപ്പോള്‍ ഒളിവിലാണ്. വിവാദമായ ഈ സംഭവം നടന്നത് നോര്‍ത്ത് 24 പര്‍ഗാനാസിലെ സന്ദേശ്ഖാലിയിലാണ്. ഹിന്ദുസ്ത്രീകളെ പ്രാര്‍ഥനക്കെന്നു പറഞ്ഞ് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് മജുംദാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനെത്തിയത്. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും പരിക്കേറ്റതായി മജുംദാര്‍ പറയുമ്പോള്‍ കാറില്‍നിന്ന് ഇറങ്ങുമ്പോള്‍ വീണതാണെന്ന് മറുപക്ഷവും പറയുന്നു. എന്തായാലും ബസിര്‍ഹട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് മജുംദാറിനെ.