കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ സ്റ്റൈല്‍ പ്രത്യേക എഡിഷന് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സെഡാനായ സ്ലാവിയയുടെ ഏറ്റവും ഉയര്‍ന്ന സ്റ്റൈല്‍ വേരിയന്റിന്റെ 500 യൂനിറ്റുകള്‍ മാത്രമാണ് വിപണിയിലെത്തിക്കുന്നത്. രാജ്യത്തുടനീളമുള്ള 200ലേറെ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇവ ലഭ്യമാക്കും.
ഡ്യുവല്‍ ഡാഷ് ക്യാമറ, സ്റ്റിയറിങിലുള്‍പ്പെടെ പ്രത്യേക എഡിഷന് ബാഡ്ജുകള്‍, ബ്ലാക്ക് നിറത്തിലുള്ള ബി-പില്ലറുകള്‍, സ്ലാവിയ ബ്രാന്‍ഡഡ് സ്കഫ് പ്ലേറ്റ്, പുറത്തിറങ്ങുമ്പോള്‍ ബ്രാന്‍ഡ് ലോഗെ തെളിയുന്ന പഡ്ല്‍ ലാമ്പ് തുടങ്ങിയ ഫീച്ചറുകളും ഈ പരിമിത എണ്ണം കാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.5 ടിഎസ്ഐ എഞ്ചിനൊപ്പം 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ പ്രത്യേക പതിപ്പില്‍ മാത്രമായി വരുന്നത്. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, ടൊര്‍ണാഡോ റെഡ് നിറഭേദങ്ങളില്‍ മാത്രമെ ലഭിക്കൂ. സ്ലാവിയ സ്റ്റൈല്‍ വേരിയന്റിന്റെ വിലയേക്കാള്‍ 30,000 രൂപ അധികം നല്‍കണം.
സുരക്ഷയില്‍ ഒരു രക്ഷയുമില്ലാത്ത മോഡലാണ് സ്ലാവിയ. ആറ് എയര്‍ ബാഗുകളുണ്ട്. ഗ്ലോബര്‍ എന്‍ക്യാപിന്റെ കര്‍ശന പ്രോട്ടോകോളുകള്‍ പാലിച്ചുള്ള ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടേയും കുട്ടികളുടേയും സുരക്ഷയില്‍ ഫൈവ് സ്റ്റാറാണ് ഈ കാറിന്റെ റേറ്റിങ്. കുഷാക്ക് എസ് യു വിയെ പോലെ ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിച്ച പ്ലാറ്റ്ഫോമിലാണ് സ്ലാവിയയും വരുന്നത്.
ഇന്ത്യയിലേയും ചെക്ക് റിപ്പബ്ലക്കിലേയും സ്കോഡ ടീമുകള്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണിത്. കുറഞ്ഞ മെയിന്റനന്‍സ് ആണ് ഇതിന്റെ പ്രത്യേകത. 95 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. നാലു വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി. ഇത് 8 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള ഒപ്ഷന്‍ അടക്കം നിരവധി സര്‍വീസ് പാക്കേജുകളും ലഭ്യമാണ്. 19,13,400 രൂപയാണ് സ്ലാവിയ സ്റ്റൈല്‍ എഡിഷന്റെ എക്സ്-ഷോറൂം വില.