ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആറാമത്തെ തവണ സമന്‍സ് അയച്ചു. ഫെബ്രുവരി 19ന് ഹാജരാകാനാണ് നോട്ടീസ്.
നേരത്തേ, 2023 നവംബര്‍ 2, ഡിസംബര്‍ 21, ഈ വര്‍ഷം ജനുവരി 3, 18, ഫെബ്രുവരി 2 എന്നിങ്ങനെ അഞ്ചുതവണ സമന്‍സ് അയച്ചെങ്കിലും ‘അനധികൃതം’ എന്നു പറഞ്ഞ് കെജരിവാള്‍ അതെല്ലാം തള്ളിക്കളയുകയും ഹാജരാകാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു ഡല്‍ഹി കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇ.ഡി വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. സമന്‍സ് അനുസരിച്ച് ഹാജരാകാന്‍ കെജരിവാള്‍ പ്രഥമദൃഷ്ട്യാ ബാധ്യസ്ഥനാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കുറി സമന്‍സ് കൈപ്പറ്റി ഹാജരാകാതിരിക്കാന്‍ ആവുമെന്നു തോന്നുന്നില്ല. എന്തായാലും കെജരിവാളിന്റെ പ്രതികരണം അറിവായിട്ടില്ല. മദ്യനയക്കേസില്‍ നേരത്തെ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. വിവാദമായ മദ്യനയത്തിലൂടെ ആം ആദ്മി സര്‍ക്കാരിലെ ചിലര്‍ പണമുണ്ടാക്കി എന്നായിരുന്നു ആരോപണം. മദ്യനയം പിന്നീട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.