മാനന്തവാടി: കൊലയാളി കാട്ടാന മോഴയാന ബേലൂർ മഗ്നയെ പിടിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം നാലാം ദിവസത്തിലേക്ക്. മൂന്നാം ദിനമായിരുന്ന ഇന്നലെയും ഡ്രോൺ ദൃശ്യങ്ങളിൽ ആനയുടെ സാന്നിധ്യം വ്യക്തമായെങ്കിലും മയക്കുവെടി വയ്ക്കാനുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല.
തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ജനവാസ കേന്ദ്രത്തോട് ചേർന്ന മണ്ണുണ്ടി കോളനിക്ക് സമീപമായിരുന്നു ആന നിലയുറപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടു കിലോ മീറ്റർ ദൂരെ തോൽപ്പെട്ടി റോഡിലെ ഇരുമ്പുപാലത്തേക്ക് നീങ്ങിയതായി സിഗ്നൽ ലഭിച്ചു. തുടർന്ന് ദൗത്യസംഘം രാവിലെ ഏഴരയോടെ ഈ പ്രദേശത്തേക്ക് നീങ്ങി നിരീക്ഷണം തുടങ്ങി.
എന്നാൽ, കാട്ടാനക്കൊപ്പം മറ്റൊരു ആനകൂടി ചേർന്നതോടെ ഇരുവരും ചേമ്പുംകൊല്ലി ഭാഗത്തേക്ക് നീങ്ങി. അവിടെനിന്ന് തുരത്താൻ ശ്രമം തുടങ്ങിയതോടെ ഉച്ചക്ക് രണ്ടരയോടെ വീണ്ടും മണ്ണുണ്ടി ഭാഗത്തേക്ക് നീങ്ങി. തിരിച്ച് ഇരുമ്പുപാലത്തേക്ക് നീങ്ങിയ ആനയെ വൈകുന്നേരം ആറ് മണിയോടെ വയലിലേക്ക് ഇറക്കി മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ ഉൾക്കാട്ടിൽ മറഞ്ഞു. ഇതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പടമല ചാലിഗദ്ധ പനച്ചിയിൽ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിനെതുടർന്ന് അപകടകാരിയായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഞായറാഴ്ച മുതൽ ശ്രമം നടന്നുവരികയാണെങ്കിലും വിജയിച്ചില്ല. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ, വൈൽഡ് ലൈഫ് സി.സി.എഫ് മുഹമ്മദ് ഷബാബ് എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വനപാലകരും മറ്റുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Read more:
- തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ബിലാവൽ ഭൂട്ടോ പിന്മാറി; നവാസ് ശരീഫ് പാക് പ്രധാനമന്ത്രിയാകും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക