ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ച് രാത്രി താൽക്കാലികമായി നിർത്തിവെക്കാനും ബുധനാഴ്ച രാവിലെ പുനരാരംഭിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 200-ലധികം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചുമായി കർഷകർ രംഗത്തിറങ്ങിയത്.
പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനാൽ നൂറോളം കർഷകർക്ക് പരിക്കേറ്റതായും കർഷകർ പറഞ്ഞു. ശംഭുവിൽ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ സിമന്റ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചെങ്കോട്ട അടച്ചു. സന്ദർശകർക്ക് പ്രവേശനം അനുവധിക്കില്ല.
ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പാക്കുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക, നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക, ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കുടുംബത്തിലൊരാൾക്ക് ജോലി നൽകുക, 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക, മിനിമം കൂലി 700 ആക്കി ഉയർത്തുക, വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക തുടങ്ങിയവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.
ഇന്നലെ രാത്രി കേന്ദ്രമന്ത്രിമാരുമായി സംഘടനകൾ നടത്തിയ അഞ്ചു മണിക്കൂർ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായി ചർച്ച നടത്താതെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കർഷക സംഘടനകൾക്ക് ഡല്‍ഹി സർക്കാർ പിന്തുണ പ്രഖ്യാപിച്ചു.
Read more…
- ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
- സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
- ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
- പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
- കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു