അച്ഛന്റെ ഓര്‍മ്മകള്‍ അലയടിക്കുന്ന കേരളാ നിയമസഭയില്‍ തന്റെ കന്നി പ്രസംഗം നടത്തി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെ ഉമ്മന്‍ചാണ്ടി പ്രസംഗിച്ച സഭയില്‍ തന്റെ മകന്‍ കന്നി പ്രസംഗം നടത്തുന്നത് സ്വര്‍ഗത്തിലിരുന്ന് കണ്ടാസ്വദിച്ചിട്ടുണ്ടാകും. ബജറ്റില്‍ മേലുള്ള ചര്‍ച്ചാ വേളയിലാണ് ചാണ്ടി ഉമ്മന്റെ പ്രസംഗം പ്രതിപക്ഷ ബെഞ്ചിന്റെ കരഘോഷത്തിനിടയിലും ഭരണപക്ഷത്തിന്റെ കഴിവുകേടുകള്‍ ഓരോന്നും അക്കമിട്ടു നിരത്താന്‍ ചാണ്ടു ഉമ്മന്‍ മറന്നില്ല. സി.എച്ച്. കുഞ്ഞമ്പു മുതല്‍ യു. പ്രതിഭ വരെ 20 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സി.എച്ച്. കുഞ്ഞമ്പുവിനു ശേഷം രണ്ടാമനായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചാണ്ടി ഉമ്മന്റെ പേര് വിളിച്ചു. എട്ടു മിനിട്ടാണ് ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചത്. നിയമസഭാംഗമാകാന്‍ അവസരം നല്‍കിയ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ പ്രസംഗം ആരംഭിച്ചത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെ താന്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി മണ്ഡലത്തില്‍ 52 വര്‍ഷമായി ഒരു വികസനവും നടത്തിയില്ലെന്ന് നിരന്തരം ആക്ഷേപിച്ചു. എന്നിട്ടും അതിനെ തരണം ചെയ്താണ് പുതുപ്പള്ളിക്കാന്‍ തന്നെ വിജയിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പ്രസംഗത്തിലുണ്ടാകുന്ന സ്വതസിദ്ധമായ മൂളലും കുറുക്കലുമൊന്നുംമ വരുത്താതെയാണ് ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചത്.
വികസന പ്രവര്‍ത്തനങ്ങളെല്ലാം യു.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവനയാണെന്നായിരുന്നു തന്റെ കന്നി പ്രസംഗത്തില്‍ ചാണ്ടിഉമ്മന്‍ പറഞ്ഞു വെച്ചത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. സ്വന്തം നിലയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും ഇടതു സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാനുണ്ടോ. കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് നിരന്തരം പരാതിപ്പെടുന്ന സര്‍ക്കാര്‍, കേരളത്തിലെ പ്രതിപക്ഷ എംഎല്‍എമാരോടും അതേ വിവേചനം തന്നെയാണ് കാണിക്കുന്നത്. വിമര്‍ശനം താങ്ങാനാകാതെ ഭരണപക്ഷ ബെഞ്ചില്‍ നിന്നും തുടര്‍ച്ചയായി ബഹളമുണ്ടായി. എന്നാല്‍, പുതുതായി എത്തുന്ന അംഗങ്ങളുടെ കന്നി പ്രസംഗം ആരും തടസപ്പെടുത്താറില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ബഹളത്തില്‍ ഇടപെട്ടു. ബഹളമൊന്നും വകവെയ്ക്കാതെ ചാണ്ടി ഉമ്മന്‍ പ്രസംഗം തുടര്‍ന്നു.
കേരളത്തിന്റെ ധനസ്ഥിതി മാറ്റുന്നതിനായി യാതൊന്നും ഈ ബജറ്റില്‍ ഉള്ളതായി കാണുന്നില്ല. അതുകൊണ്ടാണ് ആദ്യമേ തന്നെ ഈ ബജറ്റിനെ എതിര്‍ക്കാനുള്ള കാരണം. കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനത്തെക്കുറിച്ചാണ് ഇവിടെ വാചാലരാകുന്നത്. കേന്ദ്രം നിരന്തരമായി വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. പക്ഷേ ഈ പറയുന്ന ഇവര്‍ എന്താണ് കാണിക്കുന്നത്? പ്രതിപക്ഷ എംഎല്‍എമാരോടുള്ള ഈ സര്‍ക്കാരിന്റെ നയം എന്താണ്? ഭരണപക്ഷ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്നതിന്റെ പകുതി ഫണ്ട് പോലും പ്രതിപക്ഷ എംഎല്‍എമാര്‍ക്കു നല്‍കുന്നില്ല. ഇത് ശരിയായിട്ടുള്ള സമീപനമല്ല.”കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയല്ലാതെ ഈ സര്‍ക്കാരിന് എടുത്തു പറയാനായി എന്തു നേട്ടമുണ്ട്? ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതികളാണ്. സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഏതെങ്കിലും പദ്ധതി ഇപ്പോഴത്തെ സര്‍ക്കാരിന് പറയാനുണ്ടോ? കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടവും കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലൈറ്റ് മെട്രോയും ഈ സര്‍ക്കാരിനു നടപ്പാക്കാമായിരുന്നു. എന്തുകൊണ്ട് നടപ്പാക്കിയില്ല? എന്നിട്ട് ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ഇതെല്ലാം നടപ്പാക്കുമെന്ന വാഗ്ദാനവുമായി വരും. പക്ഷേ ഒന്നും യാഥാര്‍ഥ്യമാക്കില്ല.
”വിദ്യാഭ്യാസ രംഗത്തെ നിങ്ങളുടെ നയംമാറ്റം ശരിക്കും പറഞ്ഞാല്‍ ഓന്തിനേപ്പോലും ലജ്ജിപ്പിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപത്തിനും വിദേശ സര്‍വകലാശാലകള്‍ക്കുമായി വാദിച്ചതിന് ടി.പി. ശ്രീനിവാസനെ ആക്രമിച്ചത് കേരള സമൂഹം കണ്ടതാണ്. അദ്ദേഹത്തെ ആക്രമിക്കുന്ന രംഗങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ കാണാം. ഇതെല്ലാം കേരള സമൂഹത്തിനു നാണക്കേടാണ്. ”ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചവരാണ് ഇന്നു പറയുന്നത്, കേരളത്തില്‍ അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പോവുകയാണെന്ന്. ഇതെല്ലാം നല്ലതാണ്. പക്ഷേ എത്രയോ വൈകിപ്പോയി. വികസനപരമായ കാര്യങ്ങളില്‍ നിങ്ങള്‍ ഇപ്പോഴും എത്രമാത്രം പിന്നിലാണെന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പറയാനുള്ളതെല്ലാം എട്ടു മിനിട്ടില്‍ ആറ്റിക്കുറുക്കിയെങ്കിലും കുറച്ചു സമയം കൂടി പ്രസംഗത്തിനായി അപഹരിച്ചാണ് ചാണ്ടിഉമ്മന്‍ നിര്‍ത്തിയത്. പ്രതിപക്ഷ ബെഞ്ചില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ ചാണ്ടി ഉമ്മനെ അഭിനന്ദിക്കാനെത്തുകയും ചെയ്തു. മകന്റെ വാശിയേറിയ പ്രസംഗം കേട്ട് അത്യുന്നതങ്ങളില്‍ ഇരുന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി ഊറി ചിരിക്കുന്നുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക