പട്ന: നിന്നനില്‍പ്പില്‍ മറുകണ്ടം ചാടുന്നതില്‍ വിദഗ്ധനാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആ നിതീഷ് കുമാറിന് തിങ്കളാഴ്ച അഗ്നിപരീക്ഷയാണ്. മഹാസഖ്യംവിട്ട് വീണ്ടും ബിജെപിക്കൊപ്പം ചേർന്ന നിതീഷ് കുമാർ നാളെ ബിഹാർ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്.
നിതീഷിന്റെ പാർട്ടിയായ ജെഡിയുവിലെ അഞ്ച് എംഎല്‍എമാരെ പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് വിവരം. കളി കാണാനിരിക്കുന്നതേയുള്ളൂവെന്ന മുൻ ഉപമുഖ്യന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് നേരത്തെ പറഞ്ഞിരുന്നു. കളി കാണാമെന്ന് ഭരണപക്ഷവും മറുപടി നല്‍കിയിട്ടുണ്ട്. എംഎല്‍എമാരെ പാർട്ടികള്‍ പരസ്പരം ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ ബിഹാറില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇതേത്തുടർന്ന് പാർട്ടികളെല്ലാം തങ്ങളുടെ എംഎല്‍എമാരെ റിസോർട്ടുകളിലും മറ്റും പാർപ്പിച്ചിരിക്കുകയാണ്.
.
ആർജെഡി എംഎല്‍എമാർ ശനിയാഴ്ച വൈകീട്ട് മുതല്‍ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയില്‍ തമ്പടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ദിവസങ്ങള്‍ക്ക് മുന്നേ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇവർ ഇന്ന് വൈകീട്ടോ തിങ്കളാഴ്ച രാവിലെയോ പട്നയിലെത്തും. 243 അംഗ ബിഹാർ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 എംഎല്‍എമാരുടെ പിന്തുണയാണ്. എൻഡിഎ സഖ്യത്തില്‍ 128 അംഗങ്ങളുണ്ട്. മഹാസഖ്യത്തില്‍ 114 എംഎല്‍എമാരും.
തിങ്കളാഴ്ച നിയമസഭ ചേരുമ്പോൾ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം ഇരുപക്ഷത്തിനും ആദ്യ ബലപരീക്ഷണമാകും. മഹാസഖ്യ സർക്കാരില്‍ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ജെഡിയു-ബിജെപി സഖ്യം സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വിജയിക്കാനായില്ലെങ്കില്‍ നിതീഷ് കുമാർ സർക്കാർ താഴെവീഴുമെന്നുറപ്പാണ്. മുന്നണികള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്നതിനാല്‍ എംഎല്‍എമാരെ പാർട്ടി വലിയ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ജെഡിയു ചീഫ് വിപ്പ് ശർവണ്കുമാറിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പാർട്ടി എംഎല്‍എമാരുടെ വിരുന്നില്‍ 40 എംഎല്‍എമാർ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയം. ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. ബിമ ഭാരതി, സഞ്ജീവ്, ഷാലിനി മിശ്ര, സുദർശൻ, ദിലീപ് റായ് എന്നീ എംഎല്‍എമാരാണ് വിരുന്നില്‍ പങ്കെടുക്കാതിരുന്നത്. ഇവരെ ബന്ധപ്പെടാൻ ജെഡിയു നേതൃത്വത്തിന് ആയിട്ടില്ലെന്നാണ് വിവരം.
Read more…..
മുഖ്യമന്ത്രി നിതീഷ്കുമാർ എംഎല്‍എമാരുടെ യോഗത്തില്‍ അഞ്ച് മിനിറ്റ് മാത്രം ചെലവഴിച്ച് മടങ്ങുകയും ചെയ്തു. എന്നാല്‍, ആശങ്കപ്പെടാനില്ലെന്നും മുതിർന്ന നേതാക്കള്‍ ചടങ്ങില്‍ വരാത്തവരുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ശർവണ്‍ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യക്തിഗതമായ കാരണങ്ങളെ തുടർന്നാണ് ഇവർ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വിജയ് കുമാർ ചൗധരിയുടെ വസതിയിലാണ് ജെഡിയുവിന്റെ നിയമസഭാ കക്ഷി യോഗം ചേരുന്നത്. ജെഡിയു തങ്ങളുടെ എല്ലാ എംഎല്‍എമാരോടും പട്നയില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ റിസോർട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്വീകരിക്കേണ്ട തന്ത്രങ്ങളുടെ പരീശീലനം എന്ന പേരിലാണ് ഇവരെ റിസോർട്ടിലാക്കിയിരിക്കുന്നത്. 78 എംഎല്‍എമാരുള്ള ബിജെപിയുടെ രണ്ട് അംഗങ്ങള്‍ ഇവിടെയില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിയുടെ 79 എംഎല്‍എമാരും റാബ്റി ദേവിയുടെ വസതിയിലാണുള്ളത്. ഇവരെ കൂടാതെ സിപിഐ(എംഎല്)ന്റെ 12 എംഎല്‍എമാർ ഉള്‍പ്പടെ ഇടതുപാർട്ടികളിലെ 14 അംഗങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 16 എംഎല്‍എമാരാണ് ഹൈദരാബാദിലെ റിസോർട്ടിലുള്ളത്. മറ്റുള്ളവർ കുടുംബപരമായ അത്യാവശ്യമുള്ളതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇതിനിടെ, മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച (എസ്)യുടെ നേതാവുമായ ജിതൻ റാം മാഞ്ജിയുമായി സിപിഐ(എംഎല്) നേതാവ് മഹബൂബ് ആലം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. നിലവില്‍ എൻഡിഎ സഖ്യത്തിന്റെ ഭാഗമായ മാഞ്ജിയുടെ പാർട്ടി മന്ത്രിസ്ഥാനത്തേച്ചൊല്ലി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, മാഞ്ജിയുടെ അതൃപ്തി മറികടക്കാൻ അദ്ദേഹത്തിന് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് വിവരം.